ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള ഭാരത് നെറ്റ് പദ്ധതിക്ക് 1.39 ലക്ഷം കോടി രൂപ

  • 06/08/2023

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള ഭാരത് നെറ്റ് പദ്ധതിക്ക് 1.39 ലക്ഷം കോടി രൂപ കൂടി കേന്ദ്രമന്ത്രിസഭ അനുവദിച്ചു. 6.4 ലക്ഷം ഗ്രാമങ്ങളെ ബ്രോഡ്ബാൻഡ് വഴി ബന്ധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിക്കാണ് തുക അനുവദിച്ചത്. നിലവില്‍ പദ്ധതി പ്രകാരം 1.94 ലക്ഷം ഗ്രാമങ്ങളില്‍ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ശേഷിക്കുന്നത് അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്.


പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് നെറ്റ് ശൃംഖലയുടെ നിര്‍മാണം, നടത്തിപ്പ്, അറ്റകുറ്റപ്പണി തുടങ്ങിയവയെല്ലാം ഏറ്റെടുത്ത് നടപ്പാക്കുന്നത് ഗ്രാമതലത്തിലുള്ള സ്വകാര്യ സംരംഭകരാണ്. ഇവരെ 'ഉദ്യമി'കള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ വീടുകളില്‍ ഫൈബര്‍ ശൃംഖല ലഭ്യമാക്കും. അൻപത് ശതമാനം വീതം വരുമാനം പങ്കിടുന്ന തരത്തിലാണ് വ്യവസ്ഥകള്‍. സ്വകാര്യ സേവനദാതാക്കളായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ എന്നിവരുടെ മാതൃകയിലാണ് ഉദ്യമികളെ ചുമതലപ്പെടുത്തുന്നത്.

പുതിയ ഭാരത് നെറ്റ് ഉദ്യമി വഴി 3,51,000 ഫൈബര്‍ നെറ്റ് കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. 2.5 ലക്ഷം പേര്‍ക്ക് പദ്ധതിവഴി ജോലി ലഭിക്കും. ആദ്യം നാല് ജില്ലകളില്‍ നടത്തിയ പൈലറ്റ് പ്രോജക്‌ട് പിന്നീട് 60,000 ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇത്രയും ഗ്രാമങ്ങളിലായാണ് 3.51 ലക്ഷം ബ്രോഡ്ബാൻഡ് കണക്ഷനുകള്‍ നല്‍കിയത്. പൈലറ്റ് പ്രൊജക്ടില്‍ 4,000 ഉദ്യമികള്‍ പങ്കാളികളായി.

Related News