സാരഥി കുവൈറ്റ് ഗുരുകുലം എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  • 14/08/2023


സാരഥി കുവൈറ്റ്, മംഗഫ് മെമ്മറീസ് ഹാളിൽ വെച്ച് നടത്തിയ ഏകദിന ക്യാമ്പും സ്വാതന്ത്ര്യ ദിനാഘോഷവും 
സാരഥി കുവൈറ്റിന്റെ ഗുരുകുലം വിദ്യാർത്ഥികൾക്ക് ആനന്ദകരവും വിജ്ഞാനപ്രദവുമായ അനുഭവം സമ്മാനിച്ചു.

സാരഥി പ്രസിഡന്റ് കെ.ആർ.അജി ത്രിവർണ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും ബഹുമാനിക്കുന്നതിന്റെയും ആവശ്യകത ഊന്നിപ്പറയുന്ന പ്രചോദനാത്മകമായ സ്വാതന്ത്ര്യദിന സന്ദേശം പ്രസിഡന്റ് കെ.ആർ.അജി നൽകി. ഗുരുകുലം പ്രസിഡന്റ് അഗ്നിവേശ് ഷാജൻ സ്വാതന്ത്ര്യദിന ആശംസകൾ അർപ്പിച്ചു.

സാരഥി ഗുരുകുലത്തിലെ പ്രതിഭാധനരായ വിദ്യാർത്ഥികളും അർപ്പണബോധമുള്ള അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തി ഗാനങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും ഊർജസ്വലമായ നൃത്തത്തിലൂടെയും കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.

ഷാജി ശ്രീധരൻ, സൈജു ചന്ദ്രൻ, സിബി പുരുഷോത്തമൻ, സിജു സദാശിവൻ, വിനീഷ് വിശ്വം, രമേഷ് കുമാർ, രമ്യ ദിനു, ഷാനി അജിത്ത്, ജിജി ശ്രീജിത്ത്, മൊബിന സിജു, സന്ധ്യാ രഞ്ജിത്ത്, കവിതാ രമേഷ്, സീമ ബിനു, എന്നിവർ ഗുരുകുലം അഡ്വൈസർ മനു മോഹനോടൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകി.

കലാപരിപാടികൾക്ക് പുറമെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെപ്പറ്റി രശ്മി ഷിജുവും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യേണ്ട വിധത്തെപ്പറ്റി ലിനി ജയനും കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

എൺപതിലധികം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രം നിലകൊള്ളുന്ന മൂല്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കാനുള്ള യുവതലമുറയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഓർമ്മിപ്പിച്ചു. വൈകുന്നേരം നടത്തിയ സമാപന ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

Related News