വിദ്യാർത്ഥികൾ അറിവു നേടുന്നതോടൊപ്പം തിരിച്ചറിവു കൂടി നേടാൻ ശ്രമിക്കുക

  • 15/08/2023



കുവൈറ്റ്‌ : സമൂഹത്തെ ആകമാനം ഗ്രസിച്ചു കൊണ്ടിരിക്കുന്ന മൂല്യചുതി വിദ്യാഭ്യാസ രംഗത്തും ഏറെ പ്രകടമാണെന്നിരിക്കെ , അകാദമിക് തലത്തിൽ ഉന്നത വിജയം നേടി അറിവു നേടുമ്പോൾ തന്നെ തിരിച്ചറിവു കൂടി നേടാൻ വിദ്യാർത്ഥികൾ പ്രാപ്തരാവേണമെന്ന് എം.എൽ.എ. കാനത്തിൽ ജമീല ഉദ്ബോധിപ്പിച്ചു.

കോഴിക്കോട് ജില്ലയിൽ പ്ലസ്ടുവിലും എസ് എസ്എൽ സിയിലും ഉന്നത വിജയം നേടിയ കെ.കെ.എം.എ. അംഗങ്ങളുടെ മക്കൾക്ക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ നൽകുന്ന ആദരവ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു എം.എൽ.എ.

കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എം.സി. ഷറഫുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ കൊയിലാണ്ടി ബദരിയ്യ വുമൺ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി വൈസ് ചയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് കോഴിക്കോട് സിജി  ട്രൈനർ ഷാഹിദ് എളേറ്റിൽ നേതൃത്വം നൽകി. റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ സാബു കിഴരിയൂർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

വിദ്യാഭ്യാസ ആദരവ് ചടങ്ങിൽ കെ.കെ.എം.എ. മുഖ്യ രക്ഷാധികാരി സിദ്ധീഖ് കുട്ടുമ്മുഖം, ബഷീർ മേലടി, കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ അസീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി രക്ഷാധികാരി സി.എച്ച്. അബ്ദുള്ള എന്നിവർ ആശംസാ പ്രസംഗം നടത്തി.
മോട്ടിവേറ്റർ സാബു കിഴരിയൂർ, ട്രൈനർ ഷാഹിദ് എന്നിവർക്ക് സിദ്ധീഖ് കൂട്ടുമ്മുഖം, അബ്ദുൽ ഫത്താഹ് തയ്യിൽ എന്നിവർ മൊമൻ്റൊ നൽകി.
വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ, സി.എച്ച് അബ്ദുള്ള, യു.എ. ബക്കർ, ഹനീഫ മൂഴിക്കൽ, ബഷീർ അമേത്ത്, കളത്തിൽ മജീദ്, മാമു കോയ, മുഹമ്മദ് കുട്ടി, ആർ.വി. അബ്ദുൽ ഹമീദ്, സാദത്ത് എന്നിവർ വിതരണം ചെയ്തു. കെ.കെ.എം.എ. സംസ്ഥാന സെക്രട്ടറി യു.എ. ബക്കർ സ്വാഗതവും മാമുകോയ നന്ദിയും പറഞ്ഞു.

Related News