ശരീഅത്ത് കാലഹരണപ്പെടാത്ത ജീവിതദർശനം: കെ.കെ.ഐ.സി. ഫഹാഹീൽ സോൺ സമ്മേളനം

  • 15/08/2023


ജീവിതത്തിന്റെ നിഖിലമേഖലകളിലും സുസ്ഥിതി ഉറപ്പുവരുത്താൻ സാധിക്കുന്ന സമഗ്രവും സാർവകാലികവുമായ ജീവിതദർശനമാണ് ഇസ്ലാമികശരീഅത്തെന്നും ശരീഅത്ത് പരിഷ്കരണമല്ല അതിൻറെ ശരിയായ പ്രയോഗവൽകരണമാണ് ആധുനികകാലത്തിന്റെതേട്ടമെന്നും കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഫഹാഹീൽ സോൺ സംഗമം അഭിപ്രായപ്പെട്ടു. 

വിവാഹം, അനന്തരാവകാശം, ശിക്ഷാവിധികൾ എന്നിവയിലൊതുങ്ങുന്നതല്ല, മറിച്ച് വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിങ്ങനെ നാനാതലങ്ങളിൽ ജീവിതത്തിൻ്റെ സകല കർമമണ്ഡങ്ങ ളുമായും സംവദിക്കുന്നതാണ് ശരീഅത്ത് നിയമങ്ങൾ. മനുഷ്യൻ്റെ പ്രകൃതവും വ്യക്തിയുടെ ആവശ്യങ്ങളും സമൂഹത്തിൻ്റെ പൊതുനന്മയും പരിഗണിച്ചുള്ള ദൈവികനിയമങ്ങളായതിനാൽ അത് നിത്യപ്രസക്തമാണ്. 

അടിസ്ഥാനതത്വങ്ങളിൽനിന്ന് വ്യതിചലിക്കാതെ പുതിയ സമസ്യകളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും സാധിക്കുംവിധമാണ് ശരീഅത്തിൻ്റെ നിയമഘടനയുള്ളത്. 

ശരീഅത്തിൻ്റെ പ്രയോഗപൂർണത വിശ്വാസബന്ധിതമാണ്. എന്നാൽ അതിൻ്റെ തത്വങ്ങളും മൂല്യങ്ങളും നടപ്പാക്കുക വഴി ഏതൊരു സമൂഹത്തിനും സുരക്ഷയും ക്ഷേമവും സ്വായത്തമാക്കാൻ സാധിക്കുമെന്ന് ശരീഅത്തും ആധുനികസമൂഹവും എന്ന പാനൽ ഡിസ്കഷനിൽ പങ്കെടുത്തു കൊണ്ട് പ്രഭാഷകർ വിശദീകരിച്ചു.  

ഫഹാഹീൽ സൂഖ് സബാഹിലെ ഫഹാഹീൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം കെ.കെ.ഐ.സി. ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ ഉദ്ഘാടനം ചെയ്തു. പി.എൻ. അബ്ദുറഹ്മാൻ, അബ്ദുസ്സലാം സലാഹി, കെ.സി. നജീബ്, അശ്റഫ് എകരൂൽ, അബ്ദുറഹ്മാൻ തങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. 

ഫഹാഹീൽ സോൺ പ്രസിഡൻറ് അബൂബക്കർ കോയ അധ്യക്ഷത വഹിച്ചു. സോൺ ജനറൽ സെക്രട്ടറി അൻവർ കാളികാവ് സ്വാഗതവും ഫഹാഹീൽ യൂണിറ്റ് ജനറൽ സെക്രട്ടറി തൻവീർ നന്ദിയും പറഞ്ഞു.

Related News