ധാർമികവിദ്യാഭ്യാസം കാലത്തിന്റെആവശ്യം: അബ്ദുറഹ്മാൻ രണ്ടത്താണി

  • 20/08/2023

സാംസ്കാരികജീർണതകളും സാമൂഹികതിന്മകളും അധികരിച്ച ഇക്കാലത്ത് ധാർമികവിദ്യാഭ്യാസത്തിന്റെ പ്രസക്തി വളരെ വർധിച്ചിരിക്കുകയാണെന്ന് മുൻ എം.എൽ.എ യും, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹ്മാൻ രണ്ടത്താണി പ്രസ്താവിച്ചു. 

ലഹരിയുടെയും അതിലൈംഗികതയുടെയും വ്യാപനവും സാങ്കേതികവിദ്യകളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും ദുരുപയോഗവും വിദ്യാർത്ഥിസമൂഹത്തെപ്പോലും വിനാശകരമായ രീതിയിൽ സ്വാധീനിച്ചുകഴിഞ്ഞിട്ടുണ്ട്. 

ഇളം തലമുറയെ ഇത്തരം വിപത്തുകളിൽനിന്ന് സംരക്ഷിച്ച് ഉത്തമപൗരന്മാരാക്കി വളർത്താൻ ക്രിയാത്മകമായ ശ്രമങ്ങളുണ്ടാവണം. 

ദൈവഭയവും മൂല്യവിചാരവും പകർന്നുനൽകുന്ന മതധാർമികവിദ്യാഭ്യാസത്തിനും സർഗശേഷികളെ നന്മയുടെ വഴികളിൽ ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾക്കും വലിയ പിന്തുണ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന് കീഴിലെ ഇസ്ലാഹീ മദ്റസ വിവിധ സ്ഥലങ്ങളിലായി നടത്തിയ അവധിക്കാല കോഴ്സിൻറെ കേന്ദ്രീകൃത സമാപനച്ചടങ്ങായ സമ്മർ സക്സസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിവിധ മദ്റസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത സർഗവിരുന്ന് കലാവൈജ്ഞാനിക സർഗശേഷികൾക്ക് വേദിയൊരുക്കി.  

ഖുർതുബ ഇഹ് യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻറർ ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് അസ്‌ലം കാപ്പാട് അധ്യക്ഷത വഹിച്ചു. 
കെ.കെ.എം.സി.സി പ്രസിഡൻറ് ഷറഫുദീൻ കണ്ണേത്ത് , വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻറ് 
ടി.പി. അബ്ദുൽ അസീസ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

കെ.കെ.ഐ.സി കേന്ദ്ര സെക്രട്ടറിയേറ്റ് ഭാരവാഹികൾ, മദ്രസ്സ പ്രധാന അധ്യാപകർ, കൂടാതെ ഹാഫിദ് മുഹമ്മദ് അസ്‌ലം, അബ്ദുൽ അസീസ് നരക്കോട് എന്നിവർ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

പി.എൻ, അബ്ദുറഹ്മാൻ, ഷബീർ സലഫി, സാജു ചെംനാട്, സ്വാലിഹ് സുബൈർ, അസ്‌ലം ആലപ്പുഴ, എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ സ്വാഗതവും , മഹബൂബ് കാപ്പാട് നന്ദിയും പറഞ്ഞു.

Related News