ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം

  • 13/09/2023


കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം. ക്ലബ്ബിൻറെ 2023- 24 വർഷത്തെ ഭരണസമിതി ഡിവിഷൻ-ഇ മുൻ ലോജിസ്റ്റിക് മാനേജർ സേവ്യർ യേശുദാസിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മനോജ് മാത്യുവിൻ്റെ നേതൃത്വത്തിൽ ഉള്ള എട്ടംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. 

     ക്ലബ്ബിൻറെ പുതിയ അധ്യക്ഷൻ മനോജ് മാത്യു കുവൈറ്റ് എയർവെയസിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. മുൻ വർഷങ്ങളിൽ ക്ലബ്ബിൻ്റെ അംഗത്വ വിഭാഗം ഉപാധ്യക്ഷൻ ആയി പ്രവർത്തിച്ചിരുന്നു. 

    പന്തളം സ്വദേശിയായ സാജു സ്റ്റീഫൻ ആണ് പുതിയ വിദ്യഭ്യാസ ഉപാദ്ധ്യക്ഷൻ. ആരോഗ്യ മന്ത്രാലയത്തിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. നിരവധി രചനാ, ക്വിസ് മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്നു. 

    അംഗത്വ വിഭാഗം ഉപാധ്യക്ഷൻ ആയ സുനിൽ എൻ. എസ് ഷൊർണൂർ സ്വദേശിയാണ്. സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ പ്രവർത്തന വർഷം ഏരിയ 19 ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 

      മാവേലിക്കര സ്വദേശി ജോൺ മാത്യു പാറപ്പുറത്ത് ആണ് ക്ലബ്ബിൻ്റെ പൊതുജന സമ്പർക്ക ഉപാധ്യക്ഷൻ. കഴിഞ്ഞ വർഷം ലോക മലയാളം ടോസ്ട് മാസ്റ്റേഴ്സ് പ്രസംഗ മത്സരത്തിൽ കുവൈറ്റിനെ പ്രതിനിധീകരിച്ച് ഫലിത പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. 

       പുതിയ ക്ലബ്ബ് സെക്രട്ടറി ഷീബ പ്രമുഖ് 2020-21 വർഷം മികച്ച ഏരിയ ഡയറക്ടർക്കുള്ള അവാർഡ് നേടിയിരുന്നു. സ്മാർട്ട് ഇന്ത്യൻ സ്കൂൾ അധ്യാപിക ആണ്. വിവിധ പ്രസംഗ മത്സരങ്ങളിൽ ക്ലബ്ബ് ,ഏരിയ, ഡിസ്ട്രിക്ട് സ്ഥലങ്ങളിൽ വിജയിച്ചിട്ടുണ്ട്. 
 
        പൊന്നാനി സ്വദേശിയായ പ്രശാന്ത് കവളങ്ങാട് ആണ് ക്ലബ്ബിൻറെ പുതിയ ട്രഷറർ. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ നേതൃത്വം നൽകുന്ന അദ്ദേഹം ക്ലബ്ബിനെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ ജേതാവ് ആയിട്ടുണ്ട്. 

     പുതിയ കാര്യകർത്താവ് ജോമി ജോൺ സ്റ്റീഫൻ വാഴൂർ സ്വദേശിയാണ്. ടോസ്റ്റ്മാസ്റ്ററിൽ ഏരിയ 30 ഡയറക്ടർ , വിവിധ ക്ലബ്ബുകളിൽ പൊതുജന സമ്പർക്ക ഉപാധ്യക്ഷൻ, സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചു. 

     ക്ലബ്ബിൻ്റെ മുൻ അധ്യക്ഷൻ ബിജോ പി ബാബുവും ഭരണ സമിതിയുടെ ഭാഗമാണ്. അടൂർ സ്വദേശിയായ അദ്ദേഹം നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാഗവും മികച്ച സംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിത്വവുമാണ്. 

     പൊതു പ്രഭാഷണത്തിലും നേതൃത്വ വൈദഗ്ദ്യത്തിലും മലയാളത്തിൽ വിദ്യാഭ്യാസ പരിശീലനം നൽകുന്ന കുവൈത്തിലെ ഏക ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് (ബി കെ എം ടി സി). ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ ശൃംഖലയിലൂടെ പൊതു പ്രഭാഷണവും നേതൃത്വ നൈപുണ്യവും പഠിപ്പിക്കുന്ന ലാഭരഹിത വിദ്യാഭ്യാസ സ്ഥാപനമാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ. പുതിയ ഭരണ സമിതിയുടെ കാലാവധി 2024 ജൂൺ 30 വരെ ആയിരിക്കും.

Related News