ബി.ജെ.പി നിയമസഭാ സീറ്റ് തട്ടിപ്പ് കേസ് പ്രതി ചൈത്ര കുന്ദാപുരയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍

  • 15/09/2023

ബംഗളൂരു: ബി.ജെ.പി നിയമസഭാ സീറ്റ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ സംഘ്പരിവാര്‍ യുവനേതാവ് ചൈത്ര കുന്ദാപുര കുഴഞ്ഞുവീണു. കേന്ദ്ര ക്രൈംബ്രാഞ്ചിന്റെ(സി.സി.ബി) ചോദ്യംചെയ്യലിനിടെയാണു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ബോധരഹിതയായി വീണത്. ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍നിന്ന് അഞ്ചു കോടി രൂപ തട്ടിയ കേസിലാണ് ചൈത്ര ഉള്‍പ്പെടെ ആറുപേര്‍ പിടിയിലായത്. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള ചൈത്രയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിനു പിന്നാലെ മഹിളാ സാന്ത്വന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു വീണ്ടും സി.സി.ബി ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോഴാണ് അവശയായി കുഴഞ്ഞുവീണത്. ഉടൻ തന്നെ പൊലീസ് സംഘം ഇവരെ ആശുപത്രിയിലെത്തിച്ചു. 

ഗോവിന്ദ് ബാബു പൂജാരി എന്ന ഉഡുപ്പി സ്വദേശിയായ വ്യവസായിയില്‍നിന്നു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ തട്ടിയെന്നാണ് ചൈത്രയ്ക്കെതിരായ കേസ്. മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ച സംഘ്പരിവാര്‍ യുവനേതാവാണ് ചൈത്ര കുന്ദാപുര. ഉഡുപ്പിയിലെ കൃഷ്ണമഠത്തില്‍നിന്നാണ് ചൈത്രയെ അറസ്റ്റ് ചെയ്തത്. അഭിനവ ഹാലശ്രീ സ്വാമിജി എന്ന പേരിലുള്ള പൂജാരി ഉള്‍പ്പെടെ മറ്റ് അഞ്ചുപേര്‍ ചിക്ക്മഗളൂരുവില്‍നിന്നും പിടിയിലായി. പ്രതികളെ ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കി പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 

ഉഡുപ്പി ബിന്ദൂര്‍ സ്വദേശിയാണ് ഗോവിന്ദ് ബാബു. ചെഫ്താല്‍ക് ന്യൂട്രി ഫുഡ്സ് എന്ന പേരിലുള്ള പോഷകാഹാര ശൃംഖലയുടെ ഉടമയാണ്. ഇതോടൊപ്പം ബംഗളൂരുവില്‍ ഇവന്റ് മാനേജ്മെന്റ്, കാറ്ററിങ് ബിസിനസും നടത്തുന്നുണ്ട്. ബംഗളൂരുവിലെ ബന്ദേപാളയ പൊലീസ് സ്റ്റേഷനിലാണ് അഞ്ചു കോടി രൂപ തട്ടിയ സംഘത്തിനെതിരെ ഇദ്ദേഹം പരാതി നല്‍കിയത്. 

Related News