'പാര്‍ലമെന്റിലും നിയമസഭകളിലും ഒബിസിക്കാര്‍ക്ക് 33% സംവരണം ഏര്‍പ്പെടുത്തണം'; പ്രധാനമന്ത്രിക്ക് ചന്ദ്രശേഖര റാവുവിന്റെ കത്ത്

  • 15/09/2023

ഹൈദരാബാദ്: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ഒബിസിക്കാര്‍ക്ക് 33% സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി പ്രമേയം പാസാക്കി. സെപ്റ്റംബര്‍ 18ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇത് വേഗത്തില്‍ നടപ്പാക്കാൻ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് അധ്യക്ഷനുമായ ചന്ദ്രശേഖര റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.


സാമൂഹികവും വിദ്യാഭ്യാസപരവുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളോട് ചെയ്ത ചരിത്രപരമായ തെറ്റുകള്‍ തിരുത്താൻ ഭരണകൂടത്തിന് അനുകൂലമായ നടപടിയെടുക്കാൻ ദീര്‍ഘദര്‍ശികളായ ഭരണഘടനാ ശില്‍പികള്‍ ആവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോലിയിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും ഒ.ബി.സിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിലൂടെ ആ ലക്ഷ്യത്തിന്റെ ഒരു ഭാഗം കൈവരിക്കാനായി. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടണമെങ്കില്‍ പാര്‍ലമെന്റിലും നിയമസഭകളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അനിവാര്യമാണ്-ചന്ദ്രശേഖര റാവു കത്തില്‍ പറഞ്ഞു.

ഒബിസി വിഭാഗക്കാര്‍ക്ക് 33% സംവരണം ആവശ്യപ്പെട്ട് തെലങ്കാന നിയമസഭ 2014 ജൂണ്‍ 14ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ ഈ ആവശ്യം പരിഗണിക്കാൻ തയ്യാറായിട്ടില്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.

Related News