ഇടിമിന്നലേറ്റ് വയോധികനും കൊച്ചുമകനും ദാരുണാന്ത്യം, സംഭവം ആടുകളെ മേയ്ക്കാന്‍ കൃഷിയിടത്തിലെത്തിയപ്പോള്‍

  • 16/09/2023

ധര്‍മ്മശാല: ഹിമാചല്‍ പ്രദേശിലെ കാഗ്ര ജില്ലയില്‍ ഇടിമിന്നലേറ്റ് 69കാരനായ വയോധികനും കൊച്ചുമകനും മരിച്ചു. രാഖ് ഗ്രാമത്തിലെ പാലംപുരിലാണ് ദാരുണമായ സംഭവം നടന്നത്. താക്കൂര്‍ ദാസ് (69), അങ്കിത് (19 എന്നിവരാണ് മരിച്ചത്. ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ആടിനെ മേയ്ക്കുന്നതിനായി കൃഷിയിടത്തിലെത്തിയപ്പോഴാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ് ഇരുവരും തെറിച്ചുവീഴുകയായിരുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു സഞ്ജയ് കുമാര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സഞ്ജയ് കുമാര്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മറ്റൊരു സംഭവത്തില്‍ ധര്‍മശാല സബ് ഡിവിഷന് കീഴിലെ മഹല്‍ ചക്ബാന്‍ ധറില്‍ ഇടിമിന്നലേറ്റ് 60 ആടുകള്‍ ചത്തു. ധര്‍മശാല സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍റെ നിര്‍ദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൃഷിയിടത്തില്‍ മേയുന്നതിനിടെയാണ് ആടുകള്‍ക്ക് ഇടിമിന്നലേറ്റത്. കൃഷിയിടത്തിലെ ജോലിക്കിടെയും കന്നുകാലികളെ മേയക്കുന്നതിനിടെയും ഇടിമിന്നലേറ്റുള്ള മരണങ്ങള്‍ പ്രദേശത്ത് മുമ്ബും ഉണ്ടായിട്ടുണ്ട്.

ഈ മാസം ആദ്യം ഒഡീഷയിലെ ആറ് ജില്ലകളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭുവനേശ്വര്‍, കട്ടക്ക് എന്നിവയുള്‍പ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴക്കിടെയാണ് അപകടമുണ്ടായത്. ഖുര്‍ദ ജില്ലയില്‍ നാല് പേരും ബൊലംഗീറില്‍ രണ്ട് പേരും അംഗുല്‍, ബൗധ്, ജഗത്സിംഗ്പൂര്‍, ധെങ്കനല്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.

Related News