'ഇന്ത്യ' സഖ്യത്തില്‍ സമിതികള്‍ക്ക് അടിസ്ഥാനമില്ല: സീതാറാം യെച്ചൂരി

  • 17/09/2023

'ഇന്ത്യ' സഖ്യത്തില്‍ സമിതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 28 പാര്‍ട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാര്‍ട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സഖ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഈ പാര്‍ട്ടികളിലെ ഉന്നത നേതാക്കളാണെന്നും സഖ്യത്തില്‍ കൂട്ടായ തീരുമാനം എടുക്കാൻ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും യെച്ചൂരി കൂട്ടിചേര്‍ത്തു.

നേരത്തെ ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി സംഘടിപ്പിച്ചതില്‍ സിപിഎം പിബിയില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കെ സി വേണുഗോപാല്‍ ഉള്‍പ്പെടുന്ന സമിതിയില്‍ അംഗമാകുന്നതിനെ കേരള നേതൃത്വം എതിര്‍ത്തിരുന്നു. സമിതിയില്‍ സഹകരിക്കുന്നത് കേരളത്തില്‍ തിരിച്ചടിയെന്നാണ് നേതാക്കളുടെ നിലപാട്.

അതേസമയം, ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമിതികള്‍ ഉണ്ടാകരുതെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സഖ്യത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് ഉന്നത പാര്‍ട്ടി നേതൃത്വങ്ങള്‍ ആണ്. അത് തടസ്സപ്പെടുത്തുന്ന രീതിയില്‍ സമിതികള്‍ ഉണ്ടാകാൻ പാടില്ലെന്നും പിബി ചൂണ്ടിക്കാണിച്ചു. 14 അംഗ ഏകോപന സമിതിയില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അംഗമാണ്. ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്നും ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമം വേണമെന്നും പിബി കൂട്ടിച്ചേര്‍ത്തു. സിപിഎം ന്റെ കേന്ദ്ര കമ്മിറ്റി യോഗം ഒക്ടോബര്‍ 27 മുതല്‍ 29 വരെ ചേരും. 

Related News