ബിജെപി കെണിയിൽ വീണുപോകരുതെന്ന് രാഹുൽ ഗാന്ധി; ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കരുതലോടെ നീങ്ങാൻ കോൺഗ്രസ്

  • 17/09/2023

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കരുതലോടെ നീങ്ങാൻ കോൺഗ്രസ്. നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തി ബിജെപി കെണിയിൽ ചാടരുതെന്ന് പ്രവർത്തകസമിതിയിൽ രാഹുൽ ഗാന്ധി നിർദേശിച്ചു. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി തന്ത്രത്തിൽ നേതാക്കൾ കുടുങ്ങരുതെന്നാണ് നിർദേശം. തെരഞ്ഞെടുപ്പിന് സജ്ജമാകാൻ പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള തന്ത്രങ്ങളാണ് ഹൈദരാബാദിൽ ചേർന്ന രണ്ടുദിവസത്തെ പ്രവർത്ത സമിതി യോഗം ആവിഷ്‌കരിച്ചത്. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പുനസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശം. വ്യക്തി താൽപര്യം മാറ്റിനിർത്തി വിജയത്തിനായി പ്രവർത്തിക്കാൻ നിർദേശിച്ചു.

മണ്ഡലങ്ങളിൽ യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താനും 2024 ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കാനാണ് കോൺഗ്രസ് പ്രവർത്തകസമിതി ആഹ്വാനം നൽകി. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി തന്ത്രത്തിൽ നേതാക്കൾ കുടുങ്ങരുതെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചു. പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ വ്യക്തത ഉണ്ടാകണമെന്നാണ് ആസന്നമായ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ യോഗത്തിൽ ആവശ്യപ്പെട്ടത്. കർണാടക വിജയം നൽകിയ ഊർജ്ജം നേതാക്കളിൽ പ്രകടമാണ്. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്,മിസോറാം തുടങ്ങി ഈവർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന് പ്രവർത്തക സമിതിയുടെ വിലയിരുത്തൽ.

Related News