ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം, പത്തൊമ്ബതുകാരന് ദാരുണാന്ത്യം

  • 19/09/2023

ഗാസിയാബാദ്: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പത്തൊമ്ബതുകാരന് ദാരുണാന്ത്യം. ഗാസിയാബാദിലെ ഖോദയില്‍ നിന്നുള്ള സിദ്ധാര്‍ഥ് കുമാര്‍ സിങ് ആണ് അന്തരിച്ചത്. ശനിയാഴ്ച്ച ട്രെഡ്മില്ലില്‍ പരിശീലിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വര്‍ക്കൗട്ടിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.


സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ട്രെഡ്മില്ലില്‍ നടക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. ജിമ്മിലുള്ള മറ്റുരണ്ടുപേര്‍ ഉടൻതന്നെ സിദ്ധാര്‍ഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നോയിഡയില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് മാതാപിതാക്കളുടെ ഏകമകനുമാണ്.

ആശുപത്രിയിലെത്തിക്കും മുമ്ബു തന്നെ സിദ്ധാര്‍ഥ് മരണപ്പെട്ടിരുന്നുവെന്ന് ഇന്ദിരാപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സ്വതന്ത്ര ദേവ് പറഞ്ഞു. പ്രഥമദൃഷ്ട്യാ സംഭവത്തിനു പിന്നില്‍ ഹൃദയാഘാതം ആണെന്നാണ് കരുതുന്നതെന്ന് യുവാവിനെ ചികിത്സിച്ച ഡോ.ആര്‍.എൻ സിങ് പറഞ്ഞു.

തിരിച്ചറിയപ്പെടാതെ കിടന്നിരുന്ന ഹൃദ്രോഗങ്ങളോ രക്തസമ്മര്‍ദ സംബന്ധമായ പ്രശ്നങ്ങളോ ആകാം മരണത്തിനു പിന്നില്‍ എന്ന് ഉത്തര്‍പ്രദേശ് ആരോഗ്യവിഭാഗം മുൻഡയറക്ടറായ ഡോ.എൻ.കെ. ഗുപ്ത പറയുന്നു. ഇന്ന് യുവാക്കളില്‍ ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News