വനിതകളെ വിഡ്ഡികളാക്കുന്ന ബില്ലെന്ന് എഎപി, മണ്ഡല പുനര്‍നിര്‍ണയ തന്ത്രമെന്ന് സ്റ്റാലിൻ; ദൂരൂഹമെന്ന് കനിമൊഴി

  • 20/09/2023

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലില്‍ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കള്‍. വനിതാസംവരണ ബില്ല് വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് വിമര്‍ശിച്ചു. 2024ല്‍ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. മോദി അധികാരത്തിലെത്തിയ ശേഷം പറഞ്ഞതൊന്നും നടപ്പാക്കിയില്ല. ഇതും മറ്റൊരു തട്ടിപ്പാണ്. 2045 ലെങ്കിലും നടപ്പാക്കുമോ എന്നറിയില്ല. വനിതാ സംവരണം നടപ്പാക്കാൻ എഎപി ഒപ്പമുണ്ടാകും. എന്നാല്‍ 2024 ല്‍ തന്നെ നടപ്പാക്കണമെന്നും സഞ്ജയ് സിംഗ് പറഞ്ഞു. 


മണ്ഡല പുനര്‍നിര്‍ണായ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. തെക്കേ ഇന്ത്യയുടെ പ്രാധിനിത്യം വെട്ടി കുറയ്ക്കാനുള്ള ശ്രമമാണോയെന്ന് സംശയമുണ്ട്. ഇതു മുളയിലേ നുള്ളണം. തെക്കേ ഇന്ത്യയുടെ ആശങ്ക അകറ്റാൻ പ്രധാനമന്ത്രിയുടെ ഉറപ്പു വേണം. തമിഴ്നാടിനെ വഞ്ചിക്കാൻ അനുവദിക്കരുത്. ഇത് മണ്ഡ‍ല പുനര്‍ നിര്‍ണയത്തിന് വേണ്ടിയുള്ള ബിജെപിയുടെ തന്ത്രമാണ്.

മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കാനാണ് ബിജെപിയുടെ നീക്കം. ഡിഎംകെ മുൻപും വനിത സംവരണത്തിന് അനുകൂല നിലപാടാണ് എടുത്തിരുന്നത്. തമിഴ്നാട്ടില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വനിത സംവരണം നടപ്പാക്കിയതും ഡിഎംകെ സര്‍ക്കാരാണ്. കഴിഞ്ഞ ഒൻപത് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ മൗനത്തിലായിരുന്നു. പെട്ടെന്നുള്ള നടപടി തിരഞ്ഞെടുപ്പിന് മുൻപുള്ള തന്ത്രം മാത്രമാണ്. ബിജെപിക്ക് പരാജയ ഭീതിയെന്നും സ്റ്റാലിൻ പറഞ്ഞു.

Related News