ബന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കില്‍ വൈറസ് ബാധ; രണ്ടാഴ്ചക്കിടെ ചത്തത് ഏഴു പുള്ളിപ്പുലികള്‍

  • 20/09/2023

ബെംഗളൂരു: വൈറസ് ബാധയെതുടര്‍ന്ന് ബെംഗളൂരുവിലെ ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കിലെ മൃഗശാലയിലെ ഏഴ് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തു. ആഗസ്റ്റ് 22നും സെപ്റ്റംബര്‍ അഞ്ചിനുമായാണ് വൈറസ് രോഗം ബാധിച്ചുള്ള അണുബാധയെതുടര്‍ന്ന് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തത്. സാധാരണയായി പൂച്ചകളിലൂടെ പടരുന്ന ഫീലൈൻ പൻലെകൊപീനിയ (feline panleukopenia)എന്ന സാംക്രമിക രോഗമാണ് ഇവക്ക് ബാധിച്ചത്.


ഫീലൈൻ പര്‍വൊ വൈറസ് ആണ് രോഗം പരത്തുന്നത്. ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കില്‍ 25 പുള്ളിപ്പുലി കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 15 എണ്ണത്തിനാണ് രോഗം ബാധിച്ചത്. ഇവയില്‍ ഏഴെണ്ണമാണ് രോഗം ഗുരുതരമായതോടെ വിവിധ ദിവസങ്ങളിലായി ചത്തതെന്ന് അധികൃതര്‍ അറിയിച്ചു.

രോഗം ബാധിച്ച പെണ്‍ പുലിക്കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മറ്റുള്ളവയെയും ചികിത്സിച്ചുവരുകയാണെന്നും ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.വി. സുര്യ സെന്‍ പറഞ്ഞു. സഫാരി ഭാഗത്ത് ആഗസ്റ്റ് 22നാണ് ആദ്യം രോഗ ബാധ തിരിച്ചറിഞ്ഞത്. പിന്നീട് മറ്റു പുലിക്കുഞ്ഞുങ്ങളിലും രോഗ ബാധ കണ്ടെത്തി. രോഗത്തിനെതിരായ നേരത്തെ തന്നെ കുത്തിവെപ്പ് നല്‍കിയിരുന്നു. 

Related News