വനിത സംവരണ ബില്‍ പിന്നാക്ക വിഭാഗത്തെയും ന്യൂനപക്ഷങ്ങളെയും അവഗണിച്ചു; അതിനാലാണ് എതിര്‍ത്തതെന്ന് ഒവൈസി

  • 20/09/2023

ദില്ലി: വനിത സംവരണ ബില്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും അവഗണിച്ചതു കൊണ്ടാണ് എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് അസദുദ്ദീൻ ഒവൈസി. ഇരുവിഭാഗങ്ങളെയും സര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തത്. പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയതില്‍ ബിആര്‍ എസും സര്‍ക്കാരിനെതിരെ പ്രചാരണം നടത്തും. 454 പേരുടെ പിന്തുണയോടെയാണ് വനിത സംവരണ ബില്‍ ലോക് സഭയില്‍ പാസായത്.


എഐഎംഐഎമ്മിന്‍റെ രണ്ട് എംപിമാര്‍ ബില്ലിനെ എതിര്‍ത്തു. നിയമമാകുമ്ബോള്‍ നാരി ശക്തി ആദര നിയമം എന്ന പേരിലാകും അറിയപ്പെടുക. വനിത സംവരണത്തിനുള്ളില്‍ സംവരണം വേണമെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെ ഏഴ് മണിയോടെ തുടങ്ങിയ വോട്ടിംഗ് നടപടികള്‍ നീണ്ടത് രണ്ട് മണിക്കൂറിലേറെ. സ്ലിപ് നല്‍കിയായിരുന്നു വോട്ടെടുപ്പ്. ബില്ല് പരിഗണനക്കെടുക്കുന്നതിനെ 454 പേര്‍ അനുകൂലിച്ചു. അസദുദ്ദീന്‍ ഒവൈസിയും എഐഎംഐഎമ്മിന്‍റെ തന്നെ മറ്റൊരു എംപിയുമായ ഇംതിയാസ് ജലീലും ബില്ലിനെ എതിര്‍ത്തു.

ബില്ലില്‍ മുസ്ലീം സംവരണം ഇല്ലാത്തതിനാലാണ് എഐഎംഐഎം എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്ലിലെ 6 വകുപ്പുകളും വോട്ടിനിട്ട് പാസാക്കി. ഒടുവില്‍ വനിത സംവരണ ബില്‍ ലോക് സഭയില്‍ പാസാക്കിയതായി സ്പീക്കര്‍ അറിയിച്ചു.

Related News