ധനമന്ത്രാലയ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു; ശമ്പളത്തെ ബാധിക്കില്ലെന്ന് അറിയിപ്പ്

  • 27/09/2023


കുവൈത്ത് സിറ്റി: സൈബർ ആക്രമണത്തിന് ഇരയായ ആദ്യ ദിവസം മുതൽ മറ്റ് സർക്കാർ ഏജൻസികളുടെ സംവിധാനങ്ങളിൽ നിന്ന് ധനമന്ത്രാലയത്തിന്റെ സംവിധാനങ്ങൾ ഒറ്റപ്പെട്ട് നിർത്തിയിരിക്കുകയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുടെ നേതൃത്വത്തിലുള്ള നിരവധി വിദ​ഗ്ധർ അടങ്ങുന്ന ഒരു സാങ്കേതിക ടീമിനെ മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ഇത്തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് പ്രമുഖ അന്താരാഷ്ട്ര സ്വകാര്യ, സർക്കാർ ഏജൻസികൾ ആശ്രയിക്കുന്ന ഒരു പ്രത്യേക അന്താരാഷ്ട്ര കമ്പനിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 

സെപ്റ്റംബർ 18നാണ് ധനമന്ത്രാലയ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടത്. ഇതിൽ നിന്ന് കരകയറാനും ഈ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനും ഏറ്റവും പ്രൊഫഷണലിസത്തോടെയുള്ള സംവിധാനമാണ് അധികൃതർ സ്വീകരിച്ച് വരുന്നത്. ‌കൈക്കലാക്കിയ ഡാറ്റ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് ​ഹാക്കർമാർ. ഈ ഡാറ്റ് തിരികെ ആവശ്യമെങ്കിൽ അതിന് 15 ബിറ്റ്കോയിനുകൾ (ഏകദേശം 400,000 യുഎസ് ഡോളർ) നൽകണമെന്നാണ് മുന്നറിയിപ്പ്.

സർക്കാർ ഏജൻസികളിലെ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങളും മന്ത്രാലയത്തിന്റെ സംവിധാനങ്ങളിൽ സൂക്ഷിച്ചിരുന്നില്ല. എല്ലാ സർക്കാർ ഏജൻസികൾക്കുമുള്ള സാമ്പത്തിക ഇടപാടുകൾ സാധാരണഗതിയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.

Related News