ആരോഗ്യ മന്ത്രാലയ കരാറുകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തി

  • 06/10/2023



കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയവുമായി കരാറുള്ള നിരവധി കമ്പനികള്‍ക്ക് ചുമത്തിയ പിഴകളുടെ കണക്കുകള്‍ പുറത്ത്. സാമ്പത്തിക വർഷത്തിന്‍റെ തുടക്കം മുതൽ ആരോഗ്യ മന്ത്രാലയവുമായി കരാറുള്ള നിരവധി കമ്പനികൾക്ക് 2,176 തവണ പിഴ ചുമത്തുന്നതിന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി അനുമതി നൽകി. പൊതു ഫണ്ടുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പിഴകള്‍ ചുമത്തിയിരിക്കുന്നത്. ആരോഗ്യ സേവന നിർവ്വഹണത്തിലോ മെഡിക്കൽ വസ്തുക്കളുടെ വിതരണത്തിലോ ഏർപ്പെട്ടിരിക്കുന്ന വിവിധ കമ്പനികൾക്കാണ് പിഴ വന്നത്.

കൃത്യമായ കരാർ നടപടിക്രമങ്ങൾക്കനുസൃതമായി ഈ കമ്പനികൾക്ക് ആരോഗ്യമന്ത്രി ചുമത്തിയ പിഴ ഏകദേശം അഞ്ച് മില്യണ്‍ ദിനാർ ആണ്. പൊതു ഫണ്ടുകളുടെ സംരക്ഷണം ഉയർത്തിപ്പിടിക്കുന്നതിനും മന്ത്രാലയവും ബന്ധപ്പെട്ട കരാറുകളിൽ പറഞ്ഞിരിക്കുന്ന  വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്‍റെയും ഭാഗമായാണ് ഈ പിഴകൾ ചുമത്തിയത്. ഇത്രയധികം പിഴകൾ ആദ്യമായാണ് ചുമത്തപ്പെടുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. റെഗുലേറ്ററി അതോറിറ്റികളുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി വന്നത്.

Related News