പുതിയ ജോലി സമയം രാവിലെ ഏഴിനും ഒമ്പതിനും ഇടയിൽ; ഫ്ലെക്സിബിള്‍ തൊഴില്‍ സമയം സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റീവ് സര്‍ക്കുലര്‍

  • 07/10/2023



കുവൈത്ത് സിറ്റി: ഫ്ലെക്സിബിള്‍ തൊഴില്‍ സമയം സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റീവ് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് മുനിസിപ്പൽ കൗൺസിൽ (എംസി) ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ. ഫഹദ് അൽ ഒട്ടൈബി. ഞായർ മുതൽ വ്യാഴം വരെയുള്ള ജോലി സമയമാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്. സർക്കുലർ പ്രകാരം രാവിലെ ഏഴിനും ഒമ്പതിനും ഇടയിലായിരിക്കും ജോലി സമയം ആരംഭിക്കുക. ആ കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ജോലിയില്‍ പ്രവേശിക്കാൻ ഒരു ജീവനക്കാരന് അനുവാദമുണ്ട്. 

കൂടാതെ അവർ ജോലിക്ക് റിപ്പോർട്ട് ചെയ്ത സമയം മുതൽ ഏഴ് മണിക്കൂർ പൂർത്തിയാക്കിയ ശേഷം അവർക്ക് മടങ്ങാവുന്നതാണ്. ജോലിയുടെ തുടക്കത്തിൽ ജീവനക്കാരന് അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീഡ് 30 മിനിറ്റ് ആണ്. ജോലിയുടെ അവസാനം വനിതാ ജീവനക്കാർക്ക് 15 മിനിറ്റ് ഗ്രേസ് പിരീഡ് നല്‍കിയിട്ടുമുണ്ട്. സർക്കാർ ഏജൻസികളിലെ ഫ്ലെക്സിബിള്‍ ജോലി സമയം നിയന്ത്രിക്കുന്ന നിയമങ്ങളും വ്യവസ്ഥകളും സംബന്ധിച്ച് സിവിൽ സർവീസ് കൗൺസിൽ പ്രമേയം നമ്പർ 41/2006-ൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ പാലിക്കണം.

Related News