മൂല്യങ്ങളുടെ കൈമാറ്റത്തിലൂടെയാണ് സാംസ്കാരിക മുന്നേറ്റം സാധ്യമാകുന്നത്: സി ഫൈസി

  • 07/10/2023



കുവൈറ്റ് സിറ്റി: പഴയ തലമുറകളിൽ നിന്ന് കൈമാറിക്കിട്ടിയ  ഉത്തമ മൂല്യങ്ങൾ ഉൾകൊള്ളുമ്പോഴാണ്  ജീവിതത്തിൽ സാംസ്കാരിക മുന്നേറ്റം സാധ്യമാകുന്നതെന്നും നിഷ്‌പക്ഷമായി മുഹമ്മദ് നബി(സ)യെയും ഇസ്ലാമിനെയും വിലയിരുത്തിയ അമുസ്‌ലിം ചിന്തകരുടെയും ചരിത്രകാരന്മാരുടെയും കണ്ടെത്തലുകൾ  പഠിച്ചാൽത്തന്നെ മുഹമ്മദ് നബി (സ) പഠിപ്പിച്ച മൂല്യങ്ങളുടെ തെളിച്ചം മനസ്സിലാകുമെന്നും കേരള ഹജജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പ്രസ്താവിച്ചു.

'തിരുനബിയുടെ സ്നേഹ ലോകം' എന്ന പ്രമേയത്തിൽ ICF ആഗോള തലത്തിൽ നടത്തി വരുന്ന  മീലാദ് കാമ്പയിന്റെ ഭാഗമായി കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻറ് മീലാദ് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേവലം ആചാരങ്ങൾ മാത്രമല്ല, ജീവിത ദർശനമാണ് ഇസ്‌ലാം. 14 നൂറ്റാണ്ടുകൾക്കു മുമ്പുള്ള നബിയുടെ അദ്ധ്യാപനങ്ങൾ ശാസ്ത്രം ഇന്ന് അംഗീകരിക്കുന്നു. ആറാം നൂറ്റാണ്ടിലെ അറേബ്യയിൽ  തിരുനബി പല്ലു തേക്കാൻ ഉപയോഗിച്ച 'അറാകി'ന്റെ ഗുണമേന്മ തിരിച്ചറിഞ്ഞ് അതിനെ  ഇന്ന് വിപണന വസ്തുവാക്കിയത്  അതിന്റെ  ഉദാഹരണമാണ്.

ഇസ്ലാം ഉയരുംതോറും മുസ്ലിംകൾ പിന്നോട്ടാകുന്നതിന് കാരണം വിദ്യാഭ്യസത്തിന്റെ  അഭാവമാണെന്നും പ്രവാചകൻ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം മുസ്ലിംകൾ  തന്നെയാണെന്നും യഥാർത്ഥ പഠനവും വായനയും ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും മുഹമ്മദ് ഫൈസി പറഞ്ഞു.

ഖൈത്താനിലെ ഇന്ത്യൻ കമ്യുണിറ്റി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി സയ്യിദ് ഹബീബ് അൽ ബുഖാരിയുടെ അദ്ധ്യക്ഷതയിൽ, കുവൈറ്റ് സൊസൈറ്റി ഫോർ ഇസ്ലാമിക് സ്റ്റഡീസ് ചെയർമാൻ  ശെയ്ഖ്  ഡോ. അഹമദ് നിസ്ഫ് ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം ആരംഭിച്ച പരിപാടിയിൽ മലയാളം, അറബി, ഉറുദു ഭാഷകളിൽ മൗലിദുകളുടെയും കീർത്തന ഗാനങ്ങളുടെയും  ആലപനങ്ങൾ നടന്നു. സയ്യിദ് മിയാൻ സിദ്ധീഖി, സയ്യിദ് മുനീർ സാഹിബ്  (പാകിസ്താൻ) സയ്യിദ് ഖാസിം ബാഫളിൽ  ഹളർ മൗത്ത്, സയ്യിദ് അബ്ദുൽ ഖാദർ ബാ അലവി  (യമൻ), സയ്യിദ് ലുഖ്‌മാൻ അലി  (ബംഗ്ലാദേശ് ) എന്നിവർ നേതൃത്വം നൽകി.  മദ്രസാ വിദ്യാർത്ഥികളുടെ ദഫ് പ്രദർശനവും ഉണ്ടായിരുന്നു.

ശറഫുദ്ദീൻ കണ്ണേത്ത് (കെ.എം.സി.സി), അബ്ദു റഹിമാൻ സഖാഫി (കെ.സി.എഫ്) എന്നിവർ  ആശംസകൾ നേർന്നു. അബ്ദുല്ല വടകര സ്വാഗതവും അബുമുഹമ്മദ് നന്ദിയും പറഞ്ഞു.

Related News