കുവൈത്ത് വിമാനത്താവളം വഴിയുളള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന

  • 09/10/2023



കുവൈത്ത് സിറ്റി: കഴിഞ്ഞ സെപ്റ്റംബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത മൊത്തം യാത്രക്കാരുടെ എണ്ണം 1,250,456 ആയി ഉയർന്നതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 11 ശതമാനവും വിമാന ഗതാഗതത്തിൽ 19 ശതമാനവും വർധനയുണ്ടായപ്പോൾ എയർ കാർഗോ ട്രാഫിക് എട്ട് ശതമാനം വർധിച്ചു. 

കഴിഞ്ഞ സെപ്റ്റംബറിൽ കുവൈത്തിലേക്ക് വന്ന യാത്രക്കാരുടെ എണ്ണം 675,768 ആണ്. കുവൈത്ത് വിമാനത്താവളം വഴി വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരുടെ എണ്ണം 574,688ൽ എത്തി. മൊത്തം ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം 142,628 ആണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 44 ശതമാനത്തിന്റെ വർധനയാണ് വന്നത്. സെപ്റ്റംബറിൽ കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിലേക്കും പുറത്തേക്കും സർവീസ് നടത്തിയത് മൊത്തം 11,814 ഫ്ലൈറ്റുകളാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 9,933 ഫ്ലൈറ്റുകൾ ആയിരുന്നു.

Related News