ചൂഷകന്മാരാണ് ഇസ്‌ലാമിനെതിരെ വെറുപ്പുൽപ്പാദിപ്പിക്കുന്നത്: എം. എം. അക്ബർ

  • 25/11/2023




ആത്മീയവും ഭൗതികവുമായ സകല ചൂഷണങ്ങളുടെയും അടിവേരറുക്കുന്ന ഇസ്ലാമിനെ ചൂഷകന്മാർക്കെല്ലാം വെറുപ്പാണെന്നും അവരാണ്   ഇസ്‌ലാംഭീതി പരത്തുകയും, ഇസ്ലാമിനെതിരെ വെറുപ്പുൽപ്പാദിപ്പിക്കുകയും ചെയ്യുവാൻ ശ്രമിക്കുന്നതെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ പ്രസ്താവിച്ചു. കുവൈറ്റ് ഇന്ത്യൻ ഹുദാ സെന്റർ മസ്ജിദുൽ കബീറിൽ വെച്ച് സംഘടിപ്പിച്ച ‘ഇസ്ലാമിനോട് ആർക്കാണ് വെറുപ്പ് ?’ എന്ന വിഷയത്തിലുള്ള തുറന്ന സംവാദത്തിൽ സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

“സ്രഷ്ടാവിനും സൃഷ്ടികൾക്കുമിടയിൽ ദല്ലാളന്മാരുടെയൊന്നും ആവശ്യമില്ലെന്നും പൗരോഹിത്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും പഠിപ്പിക്കുന്ന ഇസ്‌ലാമിനെ പൗരോഹിത്യത്തിലൂടെ മനുഷ്യരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്ക് വെറുപ്പാവുക സ്വാഭാവികമാണ്. ലഹരിയുടെ വ്യാപനത്തിലൂടെയും സ്ത്രീസൗന്ദര്യത്തിന്റെ കച്ചവടത്തിലൂടെയും ചൂതാട്ടങ്ങളിലൂടെയും വ്യത്യസ്ത രീതികളിലുള്ള വ്യഭിചാരങ്ങളിലൂടെയും പലിശയിലൂടെയുമെല്ലാം മാർക്കറ്റിനെ സ്നിഗ്ദമായി നിലനിർത്താൻ ശ്രമിക്കുന്ന മുതലാളിത്തിന് ബുദ്ധിയുടെയും വികാരങ്ങളുടെയും സമ്പത്തിന്റെയും ചൂഷണങ്ങളുടെ മുഴുവൻ അടിവേരറുക്കുന്ന ഇസ്‌ലാമികാദർശങ്ങളോട് വെറുപ്പുണ്ടാവുക സ്വാഭാവികമാണ്. ഇസ്ലാമിനെതിരെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിൽ പൗരോഹിത്യവും മുതലാളിത്തവും കൈകോർക്കുന്ന സ്ഥിതിയാണ് നാം കാണുന്നത്. ഇസ്ലാമിനെയും പ്രവാചകനെയും ഖുർആനിനെയും യഥാരൂപത്തിൽ പരിചയപ്പെടുത്തിക്കൊണ്ട്  ഈ വെറുപ്പുൽപ്പാദനത്തിന് തടയിടുവാൻ മുസ്ലിംകളെല്ലാം സന്നദ്ധമാകണം.”  അക്ബർ പറഞ്ഞു.

വിഷയം അവതരിപ്പിച്ചുകൊണ്ട് ഐഎസ്എം സംസ്ഥാന വൈസ്പ്രസിഡന്റ് സുബൈർ പീടിയേക്കൽ സംസാരിച്ചു. 

സമ്മേളനം കുവൈത്ത് ഔകാഫ് മന്ത്രാലയ പ്രതിനിധി ഷെയ്ഖ് മുഹമ്മദ്‌ അലി അബ്ദുള്ള ഉത്ഘാടനം ചെയ്തു. കുവൈത്തിലെ വ്യത്യസ്ത മത-സാംസ്കാരിക സംഘനകളുടെ പ്രതിനിധികൾ സംബന്ധിച്ച പൊതുയോഗത്തിനു  ഹുദാ സെന്റർ പ്രസിഡന്റ്  അബ്ദുല്ലാഹ് കാരക്കുന്ന് ആധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുർ റഹ്‌മാൻ അടക്കാനി സ്വാഗതം പറഞ്ഞ പരിപാടിയിൽ ആദിൽ സലഫി നന്ദി പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹമീദ് കൊടുവള്ളി ചോദ്യോത്തരസെഷൻ നിയന്ത്രിച്ചു. 

അസ്‌ലം കുറ്റിക്കാട്ടൂർ (കെ എം സി സി), റഫീഖ് കെ സി (കെ കെ എം എ),  പി ടി ഷെരിഫ് (കെ ഐ ജി) റാഫി നൻതി (എം ഇ എസ്)  അഫ്സൽ (ഫ്രൈഡേ ഫോറം) സിദ്ദീഖ് മദനി ( ഐ ഐ സി )തുടങ്ങിയവർ പ്രെസീഡിയം അലങ്കരിച്ചു.

Related News