'ജനവിധി അംഗീകരിക്കുന്നു, തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും'; പ്രതികരണവുമായി രാഹുല്‍ഗാന്ധി

  • 03/12/2023

സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണക്ക് നന്ദിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു. ലോക്സഭാ തെര‍ഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കും. തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാല്‍ നിശ്ചയദാര്‍‌ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. 

അതിനിടെ, നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും തോല്‍വിയിലേക്ക് പോകുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസ് തയ്യാറായില്ല.

Related News