സാരഥി കുവൈത്തിന്റെ ഒരു വർഷം നീളുന്ന സുവർണ്ണ ജൂബിലി പരിപാടികൾക്ക് തുടക്കം കുറിച്ച് സാരഥീയം 2023

  • 11/12/2023


സാരഥി കുവൈത്തിന്റെ വാർഷികാഘോഷമായ സാരഥീയം 2023 കുവൈത്ത് ഖൈത്താൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ 8, വൈകുന്നേരം 4 മണിക്ക് നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ വെച്ച് സാരഥി കുവൈത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും , ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തുകയും ചെയ്തു.

ദൈവദശക ആലാപനത്തോടെ തുടങ്ങിയ സാരഥീയത്തിന് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേതൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കുവൈറ്റ് സമൂഹത്തിൽ സാരഥിയുടെ നേട്ടങ്ങളെ പ്രശംസിച്ച അദ്ദേഹം തുടർന്നും സാരഥിയ്ക്കു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിച്ചു. പ്രോഗ്രാം കൺവീനർ സുരേഷ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് കെ ആർ അജി അധ്യക്ഷത വഹിച്ചു.

BEC സിഇഒ മാത്യൂസ് വർഗ്ഗീസ് സാരഥി കുവൈത്തിന്റെ സുപ്രധാന നാഴികക്കല്ലായ സിൽവർ ജൂബിലിയുടെ ലോഗോ ,സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ യ്ക്ക് നൽകി പ്രകാശനം ചെയ്തു. സാരഥി കുവൈത്തിന്റെ യാത്രയും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും ഉൾക്കൊള്ളുന്ന ഒരു വീഡിയോ അവതരണം ഈ അവസരത്തെ കൂടുതൽ മനോഹരമാക്കി. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേതൻ സാരഥീയം 2023 സുവനീർ അജി കുട്ടപ്പന് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ ജനറൽ സെക്രട്ടറി ജയൻ സദാശിവൻ,ഈവന്റ് സ്പോൺസർ ക്രൗൺ ഇലക്‌ട്രിക് ബോട്ട്‌സ് ആൻഡ് ഷിപ്പ്‌സ് എം ഡി പ്രശാന്ത് ശിവദാസൻ എന്നിവർ സാരഥിയുടെ വളർച്ചക്ക് ചുക്കാൻ പിടിച്ച ശ്രദ്ധേയരായ വ്യക്തികൾക്കും അവരുടെ സംഭാവനകൾക്കും പിന്തുണയ്ക്കും അനുമോദനം അറിയിച്ചു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ.എസ്, സാരഥി പേട്രൺ സുരേഷ് കൊച്ചത്ത്, ബില്ലവ സംഘ പ്രസിഡന്റ് സുഷമ മനോജ്, വനിതാ വേദി ചെയർ പേഴ്സൺ പ്രീതി പ്രശാന്ത്, ഗുരുകുലം പ്രസിഡന്റ് അഗ്നിവേശ് ഷാജൻ എന്നിവർ ആശംസകൾ അറിയിച്ചു.

2022-23 കാലയളവിൽ പത്തു പന്ത്രണ്ട് ക്ലാസുകളിൽ ഉയർന്ന വിജയം കൈവരിച്ച സാരഥി അംഗങ്ങളുടെ കുട്ടികൾക്ക് മെമന്റോയും ക്യാഷ് അവാർഡും സാരഥീയം വേദിയിൽ നൽകി ആദരിച്ചു. സാരഥീയം 2023 ന്റെ വിജയത്തിനായി വിലമതിക്കാനാകാത്ത പിന്തുണയും പ്രതിബദ്ധതയും അറിയിച്ച സ്‌പോൺസർമാരെയും പങ്കാളികളെയും മെമന്റോകൾ നൽകി ആദരിച്ചു.

മനസ്സുകളെ ശാക്തീകരിക്കുന്നതിനും സമൂഹത്തിനുള്ളിൽ അർത്ഥവത്തായ മാറ്റം വളർത്തുന്നതിനുമായി സാരഥി വനിതാവേദി അവതരിപ്പിച്ച SAME (സാരഥി അലയൻസ് ഫോർ മൈൻഡ് എംപവർമെന്റ്) ലോഗോയുടെ അനാച്ഛാദനം ടിന്റു വിനീഷ് വനിതാവേദി യുടെ സാന്നിധ്യത്തിൽ വേദിയിൽ വെച്ചു നടത്തി. അടുത്ത ഒരു വർഷത്തെ ശ്രദ്ധേയമായ സംഭവങ്ങളും നാഴികക്കല്ലുകളും ഉൾപ്പെടുത്തിയ 2024 ലെ സാരഥി കലണ്ടർ ആദ്യ പ്രതി സുരേഷ് കൊച്ചത്ത്, മുതിർന്ന അംഗം സി എസ് ബാബുവിന് നൽകി പ്രകാശനം ചെയ്തു.

ഗോ ഗ്രീൻ പദ്ധതിയെ പിന്തുണയ്ക്കുന്ന സാരഥി അതിന്റെ ഡിജിറ്റൽ യുഗത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി നവീകരിച്ച മൊബൈൽ ആപ്പ്, പ്രസ്തുത വേദിയിൽ വെച്ച് ജോയിന്റ് സെക്രട്ടറി ഷനൂബ് ശേഖറും ടിന്റു  വിനീഷും ചേർന്നു പ്രസിഡന്റ് അജി കെ ആറിന്റെ സാന്നിധ്യത്തിൽ സോഫ്റ്റ് ലോഞ്ച് ചെയ്തു.

പൂർത്തീകരിച്ച വീടുകളുടെ പ്രതീകാത്മകമായ താക്കോൽ കൈമാറ്റം ഹൗസിംഗ്  ചീഫ്  കോർഡിനേറ്റർ മുരുകദാസിന്റെ നേതൃത്വത്തിൽ നടന്നു.

സ്വപ്ന വീട് പദ്ധതിയുടെ ഭാഗമായ പുതിയ രണ്ടു വീടുകളുടെ പ്രഖ്യാപനം  സാരഥീയം വേദിയിൽ വെച്ച് പ്രസിഡന്റ് അജി കെ ർ നടത്തുകയും ശിവഗിരി ആത്മീയ യാത്രയുടെ തുടക്കം കുറിക്കുന്ന തീർത്ഥാടനം 2023 ന്റെ പതാക സതീഷ് പ്രഭാകരന് കൈമാറുകയും ചെയ്തു.

സാരഥി കുവൈറ്റ് ട്രഷറർ ദിനു കമൽ, സാരഥീയം 2023 ന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു.

Related News