പ്രവാസ ലോകത്തെ മികച്ച സാമൂഹ്യ സേവന സംഘടന; ഗർഷോം അവാർഡ്‌ 'സാന്ത്വനം കുവൈറ്റിന്

  • 19/12/2023

 

കുവൈറ്റ് സിറ്റി :ഡിസംബർ 2 നു ബഹ്‌റിൻ മനാമയിലെ ക്രൗൺ പ്ലാസാ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ, പ്രവാസ ലോകത്തെ പ്രശസ്തമായ ഗർഷോം അവാർഡ്‌, മികച്ച സാമൂഹ്യ സേവന സംഘടനാ വിഭാഗത്തിൽ, 'സാന്ത്വനം കുവൈറ്റ്'‌ ഏറ്റുവാങ്ങി. സാന്ത്വനത്തെ സംബന്ധിച്ച്‌, കഴിഞ്ഞ 23 വർഷമായി തുടരുന്ന സമർപ്പിത സേവനദൗത്യത്തിനുള്ള അർഹിക്കുന്ന അംഗീകാരമായി മാറി ഈ അവാർഡ്‌.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗർഷോം ഫൗണ്ടേഷന്റെ 18 മത്‌ ഗർഷോം അവാർഡുകളാണു പ്രവാസ ലോകത്തെ ശ്രദ്ധേയരായ വ്യക്തികൾക്കും സംഘടനകൾക്കും നൽകിയത്‌‌. 'ഗർഷോം' എന്ന ഹീബ്രു വാക്കിന്റെ അർത്ഥം പ്രവാസി എന്നാണു. ജീവിതത്തിന്റെ വിഭിന്നമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി കേരളീയരെ അംഗീകരിക്കാനും ആദരിക്കാനുമായാണു ഗർഷോം അവാർഡ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌.

നിസ്വരായ സഹജീവികൾക്ക്‌, അനുകമ്പയുടെ സാന്ത്വന സ്പർശം പകരുവാൻ, 2001 ൽ സാന്ത്വനം കുവൈറ്റിനു തുടക്കമിട്ട്‌ മുൻപേ നടന്നവർക്കും, സംഘടനയുടെ നട്ടെല്ലായ അൻപതോളം വരുന്ന സാന്ത്വനം വോളന്റിയേഴ്സിനും, തങ്ങളുടെ അദ്ധ്വാനത്തിന്റെ പങ്കുകൊണ്ട്‌ സാന്ത്വനത്തെ എല്ലായ്പ്പോഴും ചലനാത്മകമാക്കി നിലനിർത്തുന്ന 1800 ഓളം വരുന്ന സാന്ത്വനം അംഗങ്ങൾക്കും അവകാശപ്പെട്ടതാണു ഈ അവാർഡെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട്‌ സാന്ത്വനം ഭാരവാഹികൾ പറഞ്ഞു. സാന്ത്വനത്തിനുവേണ്ടി പ്രസിഡന്റ്‌ ജ്യോതിദാസ്‌, സെക്രട്ടറി ജിതിൻ, റിഷി ജേക്കബ്ബ്‌, രമേശ്‌, സന്തോഷ്‌ കുമാർ എന്നിവർ ചേർന്നാണു അവാർഡ്‌ സ്വീകരിച്ചത്‌.

കഴിഞ്ഞ നാളുകളിൽ, സാന്ത്വനത്തിന്റെ സഹായങ്ങൾ സ്വീകരിച്ചിട്ടുള്ളവരുടെ പ്രാർത്ഥനകളും അവരുടെ അശ്രുവണിഞ്ഞ പുഞ്ചിരികളുമാണു, ഇത്തരം അംഗീകാരങ്ങൾക്ക്‌ ഈ സംഘത്തെ പ്രാപ്തരാക്കുന്നതെന്ന, വലിയ ബോധ്യമാണു എപ്പോഴും തങ്ങളെ നയിക്കുന്നതെന്ന് ചടങ്ങിൽ പങ്കെടുത്തവരുടെ അഭിനന്ദനങ്ങൾക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ സാന്ത്വനം കുവൈറ്റ്‌ പ്രതിനിധികൾ അറിയിച്ചു. 

പ്രതിമാസം പത്തു ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ധനസഹായങ്ങളാണു കുവൈറ്റ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്ത്വനം കുവൈറ്റ്‌ നൽകി വരുന്നത്‌. കഴിഞ്ഞ 23 വർഷമായി ഇത്‌ മുടങ്ങാതെ തുടരുന്നു. ചികിത്സാ ധനസഹായത്തിനു പുറമേ നിർദ്ധന വിദ്ധ്യാർത്ഥികൾക്ക്‌‌ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും, ഒപ്പം, പാലിയേറ്റീവ്‌, മറ്റ്‌ ആതുരസേവന സ്ഥാപനങ്ങൾക്കും സ്ഥിരമായി സാമ്പത്തിക സഹായം ചെയ്തുപോരുന്നു. കാസർഗ്ഗോഡ്‌ ജില്ലയിലെ കരിന്തളത്ത്‌ എൻഡോസൾഫാൻ ഇരകൾക്കും മറ്റുമായി, 40 ലക്ഷം രൂപ മുടക്കി സാന്ത്വനം നിർമ്മിക്കുന്ന ഫിസിയോതെറാപ്പി സെന്ററിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണു.

Related News