കൊറോണ: തീവണ്ടി യാത്രക്കാർ 61 ശതമാനം കുറഞ്ഞു

  • 18/03/2020

തൃശ്ശൂർ: കൊറോണയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ജനറൽ കോച്ചുകളിലെ ദിവസയാത്രക്കാരുടെ എണ്ണം 61 ശതമാനം കുറഞ്ഞു. മാർച്ച് 10-ന് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് 15-ന് 80,188 പേരായാണ് കുറഞ്ഞത്. മാർച്ച് പത്തിനാണ് സംസ്ഥാനം അതിജാഗ്രതയിലേക്ക് നീങ്ങിയത്. പിറ്റേന്ന് ജനറൽ യാത്രക്കാരുടെ എണ്ണം 1.5 ലക്ഷമായി കുറഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. മാർച്ച് 12-ന് 1.27 ലക്ഷവും 13-ന് 1.26 ലക്ഷവും 14-ന് 96,608-ഉം ആയിരുന്നു യാത്രക്കാരുടെ എണ്ണം. ജനറൽ കോച്ചുകളിൽ ശരാശരി ദിവസവരുമാനം ഒരു കോടിയിൽനിന്ന് 80 ലക്ഷത്തിലേക്ക് താഴ്ന്നു.

ബുക്കുചെയ്ത യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുന്നതും കൂടി. ഇതുസംബന്ധിച്ച കണക്ക് ലഭ്യമായിട്ടില്ല. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് റദ്ദാക്കാൻ എത്തുന്നവരുടെ എണ്ണം കൂടി. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മാർച്ച് 10-ന് 368 പേരും 11, 12 തീയതികളിൽ 505 പേർ വീതവും 13-ന് 1,112 പേരുമാണ് ടിക്കറ്റ് റദ്ദാക്കിയത്. ഓൺലൈൻ ടിക്കറ്റ് റദ്ദാക്കലും നടക്കുന്നുണ്ട്.

തിങ്കളാഴ്ച മധുരയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്‌പ്രസിൽ മൊത്തം ബർത്തുകളുടെ 10 ശതമാനത്തിൽ മാത്രമാണ് യാത്രക്കാരുണ്ടായിരുന്നത്. 46 ബർത്തുള്ള ഇതിന്റെ എ.സി. ടു ടയർ കോച്ച് പാലക്കാട് മുതൽ തിരുവനന്തപുരംവരെ 10 യാത്രക്കാരുമായാണ് ഓടിയത്. തേർഡ് എ.സി., സ്ലീപ്പർ കോച്ചുകളിലും സമാന സ്ഥിതിയായിരുന്നു. മലബാർ, മാവേലി, മംഗലാപുരം, എക്സ്‌പ്രസുകളിലും കാലിയായ ബർത്തുകളുടെ എണ്ണം കൂടുകയാണ്.

Related News