ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി; പരിശോധന

  • 26/12/2023

ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി. സ്ഥലത്ത് ബോംബ് സ്ക്വാഡും ദില്ലി പൊലീസും എൻ ഐ എയും പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. വൈകിട്ടോടെയാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായതായി അഗ്നിശമന സേനക്കും പൊലീസിനും വിവരം ലഭിച്ചത്.

അബ്ദുള്‍ കലാം റോഡിലെ എംബസിക്ക് മീറ്ററുകള്‍ അടുത്ത് ഹിന്ദി ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നടത്താണ് പൊട്ടിത്തെറിയുണ്ടായത്. പൊലീസ്, ഫയര്‍ഫോഴ്സ്, ഫൊറന്‍സിക് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

വലിയ പൊട്ടിത്തെറി കേട്ടെന്നും പുകപടലങ്ങള്‍ ഉയര്‍ന്നെന്നും സമീപത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാരൻ പൊലീസിന് മൊഴി നല്‍കി. എംബസിക്ക് മീറ്ററുകള്‍ അകലെ നിന്നും വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നുവെന്നും സുരക്ഷാ ജീവനക്കാരൻ തേജവ് ഛേത്രിയും പ്രതികരിച്ചു. പൊലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണെന്നും തേജവ് വ്യക്തമാക്കി.

കനത്ത ജാഗ്രതയിലാണ് എംബസി പരിസരം. ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയിലെ എംബസിക്ക് സമീപത്ത് വെച്ച്‌ പൊട്ടിത്തെറി ശബ്ദം ഉണ്ടായതായി ഇസ്രായേല്‍ എംബസി സ്ഥിരീകരിച്ചു.

Related News