സിഐഎസ്‌എഫ് മേധാവിയായി നിന സിങ്; തലപ്പത്തെത്തുന്ന ആദ്യ വനിത

  • 28/12/2023

സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. സിഐഎസ്‌എഫില്‍ തന്നെ സ്പെഷ്യല്‍ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുകയായിരുന്നു. കൂടാതെ മറ്റ് കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്തേക്ക് പുതിയ മേധാവിമാര്‍ എത്തി. 

സിആര്‍ പിഎഫ് ഡയറക്ടര്‍ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസ് (ITBP) മേധാവി ആയിരിക്കെയാണ് പുതിയ നിയമനം. അനീഷ് ദയാല്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറലായി രാഹുല്‍ രാസ്ഗോത്ര ഐപിഎസിനെയും നിയമിച്ചു. വിവേക് ശ്രീവാസ്തവയെ ഫയര്‍ സര്‍വീസ് സിവില്‍ ഡിഫൻസ് ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായും നിയമിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫിസറായ നിന സിഐഎസ്‌എഫില്‍ സ്പെഷല്‍ ഡിജിയായി പ്രവര്‍ത്തിച്ചു വരികയാണ്. 2021 മുതല്‍ സിഐഎസ്‌എഫിന്റെ ഭാഗമാണ്. ബിഹാര്‍ സ്വദേശിനിയാണ് നിന. 2013-18 കാലത്ത് അവര്‍ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്നപ്പോള്‍ ഷീന ബോറ വധം, ജിയാ ഖാൻ ആത്മഹത്യ തുടങ്ങിയ വിവാദമായ പല കേസുകളുടെയും മേല്‍നോട്ടം വഹിച്ചു.

Related News