അയോധ്യ വിവാദം; 'ക്ഷണം ലഭിച്ചവര്‍ തീരുമാനം പറയും, രമേശ് ചെന്നിത്തല

  • 28/12/2023

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചവര്‍ അതിനെ കുറിച്ച്‌ തീരുമാനം പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞങ്ങള്‍ക്കാര്‍ക്കും ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാലല്ലേ അതിനെ കുറിച്ച്‌ പറയേണ്ടതുള്ളൂവെന്ന് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍ ഇങ്ങനെയുള്ള കാര്യം രാഷ്ട്രീയ വല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. 

ഓരോരുത്തരുടേയും ആത്മീയ കാര്യമാണ്. ചിലര്‍ വിശ്വാസിയാവാം, ആവാതിരിക്കാം. അതെല്ലാം വ്യക്തിപരമാണ്. എന്നാല്‍ ഇതിനെ പൂര്‍ണമായും രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമം ശരിയല്ല. ബാക്കിയെന്താണെന്ന് പാര്‍ട്ടി പറയേണ്ട സമയത്ത് പറയും. കോണ്‍ഗ്രസിലെ രണ്ടുപേര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. ആത്മീയ കാര്യങ്ങളില്‍ രാഷ്ട്രീയ വത്കരണം ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

അതേസമയം, അയോധ്യ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരിക്കും വിയോജിപ്പെന്ന് വിവരം. സോണിയ ഗാന്ധിക്കും ഖര്‍ഗെയ്ക്കും പുറമെ അധിര്‍ രഞ്ജൻ ചൗധരിക്കാണ് കോണ്‍ഗ്രസില്‍ നിന്ന് ക്ഷണം കിട്ടിയത്. എന്നാല്‍ പങ്കെടുക്കുന്നതില്‍ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ തീരുമാനമായില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. 

Related News