കുവൈത്തിൽ നിന്ന് 11 ദിവസത്തിനിടെ നാടുകടത്തിയത് 1470 പ്രവാസികളെ

  • 14/01/2024


കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട 1470 പ്രവാസികളെ 11 ദിവസത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി കണക്കുകൾ. റെസിഡൻസി, തൊഴിൽ നിയമം ലംഘിക്കുന്ന വ്യക്തികളെ പിടികൂടുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാ​ഗങ്ങളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കി കൊണ്ട് റെസിഡൻസി, തൊഴിൽ നിയമം ലംഘിക്കുന്ന എല്ലാവരെയും പിടികൂടുന്നതിനും എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 

റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം വിവിധ മേഖലകളെ ലക്ഷ്യമാക്കി നടത്തിയ സുരക്ഷാ പ്രവർത്തനങ്ങളിലൂടെ റെസിഡൻസി, തൊഴിൽ ലംഘിക്കുന്ന ഏകദേശം 700 ഓളം പേരെ പിടികൂടിയിരുന്നു. കൂടാതെ, പുതുവർഷത്തിൽ നിയമലംഘകരുടെ എണ്ണം 40,000 കവിയുന്നത് തടയാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. നിയമലംഘകരെ രാജ്യത്ത് നിന്ന് പിടികൂടി നാടുകടത്തുന്നതിന്റെ ചരിത്രത്തിലെ റെക്കോർഡ് സംഖ്യയാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Related News