കുവൈത്തിൽ ഇന്ത്യൻ പൗരൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പട്ടു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

  • 16/01/2024



കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ പൗരൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ഗോവയിലെ ബൈനയിൽ സ്ഥിരതാമസക്കാരനായ ധരമപ്പ ഹരിജൻ (25) ആണ് മരണപ്പെട്ടത്. ഭീഷണിപ്പെടുത്തുന്ന കോളുകൾ ലഭിക്കുന്നതിനെക്കുറിച്ച് ധരമപ്പ പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചിട്ടുള്ളത്. ധരമപ്പയുടെ മരണവുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാഹചര്യങ്ങളെത്തുടർന്ന് ബൈനയിൽ താമസിക്കുന്ന കുടുംബം ഞെട്ടലിലാണ്.

ധരമപ്പയുടെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഞായറാഴ്ച മോർമുഗാവോ എംഎൽഎ സങ്കൽപ് അമോങ്കറുടെ സാന്നിധ്യത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. ഫോൺ കോളുകൾ വഴി ഭീഷണികൾ ലഭിച്ചതിനെ തുടർന്ന് യുവാവ് തന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി ധരമപ്പയുടെ അമ്മാവൻ പരശുരാമൻ വെളിപ്പെടുത്തി. ധരമപ്പയുടെ മൃതദേഹം ജോലിസ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയെന്നാണ് ഞങ്ങളെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഭീഷണി സന്ദേശങ്ങളെ കുറിച്ച് മോർമുഗാവോ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിനായി കുടുംബം അടിയന്തര നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, എൻആർഐ കാര്യങ്ങളുടെ കമ്മീഷണറുടെ ഓഫീസിൽ നിന്ന് സഹായം തേടാൻ അവരോട് ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച കമ്മീഷണറുടെ ഓഫീസിലെത്തി ധരമ്മപ്പയുടെ പാസ്‌പോർട്ട് വിശദാംശങ്ങളും പ്രസക്തമായ വിവരങ്ങളും നൽകിയ ശേഷം, എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പായി തന്നെ മരണ വാർത്തയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

Related News