കേരളത്തിൽ ഇന്നും പുതിയ കേസുകളില്ല; അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം നിലനിൽക്കുന്നുവെന്ന്‌ മുഖ്യമന്ത്രി

  • 18/03/2020

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗ ബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കേസുകൾ ഇല്ലാത്തത് സംസ്ഥാനത്തിന് ആശ്വാസം പകരുന്നുണ്ട്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ പഴുതടച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനുള്ള എല്ലാ നടപടികളും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം പടർന്നാൽ അത്‌ ഗുരുതരമായ പ്രത്യാഘാതമാണ്‌ ഉണ്ടാക്കുക. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്‌ പോകുന്നതാണ്‌ ഇതിനുള്ള പരിഹാരം. മുസ്ലിം, ക്രിസ്‌ത്യൻ പള്ളികളിൽ വെള്ളിയാഴ്‌ചയും ഞായറാഴ്‌ചയും ഉള്ള ആരാധനകൾ നിയന്ത്രിക്കേണ്ടതുണ്ടെന്ന്‌ മതനേതാക്കൾക്ക്‌ ബോധ്യമായിട്ടുണ്ട്‌. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും, പൊങ്കാലകളും ചടങ്ങുകൾ മാത്രമാക്കി ആൾക്കൂട്ടം ഒഴിവാക്കണം.

കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്‌തിയാണ് രേഖപ്പെടുത്തിയത്. ഇത് നമ്മുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്യമിങ്ങനെ ആണെങ്കിലും അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം ഗൗരവമായി കാണണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ പഴുതടച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനുള്ള എല്ലാ നടപടികളും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ വരട്ടെ. ജനജീവിതം സാധാരണരീതിയിൽ തുടരണം. അത്തരം പശ്ചാത്തലത്തിൽ കർക്കശമായ രീതിയിൽ പരിശോധനയ്ക്ക് വിധേയമാകണം. ആളുകൾ പരിശോധനയ്ക്ക് തയ്യാറാകണം

ഓരോ പ്രദേശത്തും ചികിത്സാസൗകര്യങ്ങൾ കൂടണം, പിഎച്ച്‍സികളിൽ വൈകിട്ട് വരെ ഒപിയുണ്ട്. കുടുംബാരോഗ്യകേന്ദ്രമല്ലാത്ത ഇടങ്ങളിൽ വൈകിട്ട് വരെ ഒപിയില്ലല്ല. എല്ലാ പിഎച്ച്‍സികളിലും വൈകിട്ട് വരെ ഒപി വേണമെന്നത് നിർബന്ധമാക്കും. എല്ലാ പിഎച്ച്സികളിലും ഡോക്ടർമാർ വേണം. അതിനുള്ള നടപടി സ്വീകരിക്കും. പ്രാദേശികമായി ഡോക്ടർമാരെ നിയമിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമായ മാസ്ക്കുകളും സാനിറ്റൈസറുകളും ഉത്പാദിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്‌. കല്യാണമണ്ഡപം ബുക്ക് ചെയ്തവർ കല്യാണം മാറ്റി വയ്ക്കുന്നുണ്ട്. ബുക്ക് ചെയ്ത പണം കല്യാണ മണ്ഡപ ഉടമകൾ തിരിച്ച് നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി

Related News