അഹമ്മദി റിഫൈനറിയിൽ തകരാർ; താൽക്കാലിക വൈദ്യുതി മുടക്കത്തിന് കാരണമായി

  • 20/05/2024


കുവൈത്ത് സിറ്റി: അഹമ്മദി റിഫൈനറിയിൽ തകരാർ കണ്ടെത്തി. സൾഫർ ലൈനിൻ്റെ തടസ്സം, കടലിലേക്ക് എണ്ണ ചോർച്ച, തണുപ്പിക്കാൻ ഉപയോഗിക്കുന്ന പ്രധാന കടൽജല ലൈനിലെ ചോർച്ച എന്നിവയാണ് കണ്ടെത്തിയത്. ഇത് താൽക്കാലിക വൈദ്യുതി മുടക്കത്തിനും റിഫൈനറിയിലെ ചില യൂണിറ്റുകളുടെ തകരാറിനും കാരണമായെന്ന് അധികൃതർ വിശദീകരിച്ചു. സെക്യൂരിറ്റി ആൻ്റ് സേഫ്റ്റി സെക്ടറിലെ ബന്ധപ്പെട്ട ജീവനക്കാരും അടിയന്തര അറ്റകുറ്റപ്പണികളുടെ ചുമതലയുള്ളവരും ഈ തകരാർ ഉടൻ തന്നെ കണ്ടെത്തി.

തകരാർ പെട്ടെന്ന് പരിഹരിക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കാനും സാധിച്ചു. മിന അൽ അഹമ്മദി റിഫൈനറിയിലെ ഇതര സ്ഥാപനങ്ങൾ എല്ലാ യൂണിറ്റുകളും സംരക്ഷിക്കാൻ വളരെയധികം പരിശ്രമിച്ചു. അറ്റകുറ്റപ്പണികൾക്കിടയിൽ ബന്ധപ്പെട്ട ജീവനക്കാർക്കൊന്നും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. അതേസമയം, വെള്ളിയാഴ്ച ഒരു ബാരൽ കുവൈത്ത് എണ്ണയുടെ വില 84 സെൻറ് വർധിച്ച് ബാരലിന് 74.85 ഡോളറിലെത്തി.

Related News