പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ദന്ത ഡോക്ടർമാരിൽ 85 ശതമാനവും കുവൈത്തികൾ

  • 21/05/2024


കുവൈത്ത് സിറ്റി: നിരവധി പദ്ധതികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ദന്തചികിത്സാ സേവനങ്ങൾക്കുള്ള അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. അഹമ്മദ് അസദ്. പൊതുമേഖലാ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന ദന്തഡോക്ടർമാരിൽ 85 ശതമാനവും കുവൈത്തികളാണ്. അമേരിക്ക, യുകെ, കാനഡ, അയർലൻഡ് ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തമായ സർവ്വകലാശാലകളിൽ ഉന്നത പഠനത്തിനായി സ്കോളർഷിപ്പ് നൽകി 77 ദന്തഡോക്ടർമാരെ വിദേശത്തേക്ക് അയച്ചതിനാൽ ഈ ശതമാനം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന കുട്ടികൾക്കായുള്ള ഒരു ദന്തൽ ക്ലിനിക്ക് ആരംഭിക്കും. കൂടാതെ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ദന്തരോഗികളെ പരിചരിക്കുന്നതിനായി ജഹ്‌റയിൽ ഒരു പുതിയ ആശുപത്രി ആരംഭിച്ചതായും അഹമ്മദ് അസദ് പറഞ്ഞു. വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News