അനധികൃത റിക്രൂട്ട്മെൻ്റ് തടയാനുള്ള ഇടപെടൽ നടത്തണം: ഐ എം സി സി

  • 28/06/2024


 

കുവൈറ്റ്:  ജോലി തേടി ഗൾഫ് നാടുകളിലേക്ക് വരുന്ന ഡൊമസ്റ്റിക്ക് തൊഴിലാളികൾ അനധികൃത റിക്രൂട്ട്മെൻ്റ് ഏജൻസികളുടെ വഞ്ചനയിൽ പെട്ടുപോയി ദുരിതമനുഭവിക്കുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രസ്തുത
വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഐ എം സി സി ജിസിസി കമ്മറ്റി മുഖ്യരക്ഷാധികാരിയും നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സത്താർ കുന്നിൽ ആവശ്യപ്പെട്ടു. ലോക കേരള സഭയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് സഭാധ്യക്ഷനായ സ്പീക്കറോട് ആവശ്യമായി ഉന്നയിച്ചത്.

 ഡൊമസ്റ്റിക്ക് വിസയിൽ വരുന്ന ആളുകളുടെ സ്‌പോൺസറെക്കുറിച്ചും മറ്റുമുള്ള വിശദവിവരങ്ങൾ എംബസിയുടെ അടുത്ത് ഇല്ലാത്തതിനാൽ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിക്കുന്നത്. ഡോമസ്റ്റിക്ക് വിസയിലുള്ള തൊഴിലും നോർക്ക വഴി ആയിക്കഴിഞ്ഞാൽ കൃത്യമായി ധാരണ ഉണ്ടാക്കാനും ഇടപെടാനും സാധിക്കും. കൂടാതെ ചില ജോലികൾക്ക് ഭീമമായ സംഖ്യയാണ് ചില റിക്രൂട്ട്മെൻ്റ്
ഏജൻസികൾ വാങ്ങിക്കുന്നത്. അത്കൊണ്ട് തന്നെ പ്രധാനപ്പെട്ട ജോലികളുടെ റിക്രൂട്ട്മെൻ്റ് മുഴുവൻ നോർക്ക വഴി ആയിക്കഴിഞ്ഞാൽ ഇത്തരം ചതിക്കുഴിയിൽ നിന്ന് ഉദ്യോഗാർഥികളെ രക്ഷപ്പെടുത്താൻ കഴിയും. കൂടാതെ അക്ക്രഡിറ്റേഷൻ ഇല്ലാത്ത യഞ്ചിനീയറിങ് കോളേജുകളിൽ നിന്ന് പഠനം പൂർത്തിയാക്കി കുവൈറ്റിൽ എത്തുന്ന നിരവധി പേർ ജോലി കിട്ടാതെ പ്രയാസമനുഭവിക്കുന്നുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട എൻജിനീയറിങ് കോളേജുകളുടെ അക്ക്രഡിറ്റേഷൻ അംഗീകാരം ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. കൂടാതെ ബിരുദ കോഴ്സായ ബികോം സർട്ടിഫിക്കറ്റിൽ അക്കൗണ്ടൻസി എന്ന് രേഖപ്പെടുത്താത്തത് കൊണ്ട് നിരവധി ബിരുദ വിദ്യാർഥികളാണ് അക്കൗണ്ടന്റ് ജോലി കിട്ടാതെ പ്രയാസം അനുഭവിക്കുന്ന സാഹചര്യം നിലവിലുണ്ട്. യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് അക്കൗണ്ടൻസി എന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിവേദനം ലോക കേരള സഭയിൽ സമർപ്പിക്കുകയും ചെയ്തു.

Related News