കുവൈറ്റ്‌ പഴയപള്ളി മഹാസംഗമം

  • 05/07/2024


മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്ധ്യപൂർവ്വ ദേശത്തിലെ അതിപുരാതന ദേവാലയമായ കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ദേവാലയത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി 2024 ജൂലൈ മാസം നാലാം തീയതി പരുമല ദേവാലയത്തിൽ വച്ച് ഇടവകയിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ആയിരിക്കുന്നവരും, അവധിക്ക് നാട്ടിൽ എത്തിയിരിക്കുന്ന ഇടവക അംഗങ്ങളും ഒരുമിച്ച് ചേർന്ന് പഴയപള്ളി നവതി മഹാ സംഗമം നടത്തപ്പെട്ടു.

 AD 52-ൽ കർത്തൃ ശിഷ്യനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സഭയുടെ പൈതൃകം ഉൾക്കൊണ്ട് കൊണ്ട് കുവൈറ്റിന്റെ മണ്ണിൽ 1934 ൽ അഹമ്മദി പ്രദേശത്തെ മലയാളി ക്രിസ്ത്യൻ സമൂഹം ഒത്തുചേർന്ന് ഒരു പൊതു പ്രാർത്ഥനാ കൂട്ടായ്‌മ രൂപികരിച്ചു. ഈ എളിയ പ്രാർത്ഥന കൂട്ടായ്മയാണ് ഇന്നത്തെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പഴയപള്ളിയുടെ അടിത്തറ.

  കുവൈറ്റിലുണ്ടായ അഗ്നിബാധയിൽ ജീവൻ നഷ്ടപെട്ട പ്രവാസി സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച യോഗം കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രപ്പോലിത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. ഇടവക മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, അഭി. ഡോ.ജോസഫ് മാർ ദിവന്യാസിയോസ് മെത്രാപ്പോലീത്ത, അഭി. എബ്രഹാ മാർ സെറാഫിം മെത്രാപ്പോലീത്ത, പരുമല സെമിനാരി മാനേജർ റവ. കെ വി പോൾ റമ്പാൻ, സഭാ വൈദീക ട്രസ്റ്റി റവ.ഫാ. തോമസ് വർഗീസ് അമയിൽ, ആത്മായ ട്രസ്റ്റി ശ്രി. റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല ഹോസ്പിറ്റൽ CEO റവ.ഫാ. എം സി. പൗലോസ്, ഇടവക വികാരി റവ.ഫാ. എബ്രഹാം പി. ജെ, സഭാ മാനേജിഗ് കമ്മറ്റി അംഗം ശ്രീ. പോൾ വർഗീസ്, നവതി കമ്മറ്റി കൺവീനർമാരായ ശ്രീ. ബാബു പുന്നൂസ്, ശ്രീ. നൈനാൻ ചെറിയാൻ, ഇടവക ട്രസ്റ്റി ശ്രീ. വിനോദ് വർഗീസ്, ഇടവക സെക്രട്ടറി ശ്രീ. ജോജി ജോൺ, ഇടവകയിൽ സേവനം ചെയ്ത മുൻ വികാരിമാർ, മുൻ ഇടവക ഭാരവാഹികൾ എന്നിവർ ഈ നവതി മഹാ സമ്മേളനത്തിൽ സംസാരിച്ചു. 

 ഈ യോഗത്തിൽ നവതി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവിനിയറിന്റെ പ്രകാശനവും, കഴിഞ്ഞ കാലങ്ങളിൽ ഇടവകയെ നയിച്ച മുൻ ഇടവക വികാരിമാരെയും മുൻ ഇടവക ഭാരവാഹികളെയും, നവതി ലോഗോ ഡിസൈനർ ശ്രീ. ബോബി ജോണിനെയും ആദരിച്ചു. 
ഇടവക അംഗം ശ്രീ. മനോജ്‌ സി തങ്കച്ചൻ രചിച്ച "ബ് യാദ് ആലോഹോ"എന്ന നവതി ഗാനം മഹാസംഗമത്തിന് മാറ്റ് കൂട്ടി.
     നവതി വർഷത്തിൽ സഭക്കും, ഭദ്രാസനത്തിനും, പൊതുസമൂഹത്തിനും മുൻഗണന നൽകി ക്രിസ്തീയ മൂല്യങ്ങൾ ഉൾക്കൊണ്ട് ആലംബഹീനർക്കും അശരണർക്കും ഒരു കൈത്താങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ പല ഭാഗങ്ങളിലായി 50 ലക്ഷം രൂപാ ചിലവിൽ 5 വീടുകളും, 30 ലക്ഷം രൂപാ ചിലവിൽ ഏകദേശം 20 ഓളം നിർധനരായ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനുള്ള സഹായങ്ങളും, 20 ലക്ഷം രൂപാ ചിലവിൽ 5 ഓളം വെക്തികൾക്ക് ഉപജീവനമാർഗത്തിനായി സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും നൽകുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഉത്ഘാടനവും തദവസരത്തിൽ നടത്തപ്പെട്ടു. ഇടവകയുടെ അഡ്മിനിസ്ട്രേറ്റീവ് വികാരി റവ. ഫാ. സുബിൻ ഡാനിയേലും ആക്ടിങ് സെക്രട്ടറി ശ്രീ. ബിനു പി ആൻഡ്രൂസും പരിപാടികൾക്ക് നേതൃത്വം നൽകി. കുവൈറ്റിലും നാട്ടിലും ഉള്ള പുതിയ തലമുറയിലേയും പഴയ തലമുറയിലേയും നൂറുകണക്കിന് അംഗങ്ങൾ മഹാസംഗമത്തിൽ പങ്കെടുത്തു.

Related News