രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാരഥി ട്രസ്റ്റ് ഗുരുദേവ പഠനയാത്ര സംഘടിപ്പിച്ചു

  • 17/08/2024


സാരഥി കുവൈറ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാരഥി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗുരുദേവ വീഥികളിലൂടെയുള്ള പഠനയാത്ര സംഘടിപ്പിച്ചു. ആഗസ്റ്റ് പത്ത്, പതിനൊന്ന് തീയതികളിലായി നടന്ന പഠനയാത്രയിൽ സാരഥി ഗുരുദർശനവേദിയും ഭാഗഭാക്കായി. ആഗസ്റ്റ് 10 ന് രാവിലെ 8 മണിക്ക് സാരഥി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാരഥി സെന്റർ ഫോർ എക്സലൻസിന്റെ ചേർത്തലയിലെ ഓഫീസിൽ നിന്നാണ് ഗുരുദേവ വീഥിയിലൂടെയുള്ള പഠനയാത്ര ആരംഭിച്ചത്.

തീർത്ഥയാത്രയുടെ ഭാഗമായി കായംകുളം ചേവണ്ണൂർ കളരിയിൽ വെച്ച് വിപുലമായ പരിപാടികളോടെ 
സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. കേരള കേബിൾ ടീവി അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ വീശിഷ്ട അതിഥിയും മുഖ്യ പ്രഭാഷകനും ആയിരുന്നു. ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ചടങ്ങിൽ പങ്കെടുത്തു കൊണ്ടു അനുഗ്രഹപ്രഭാഷണം നടത്തി. കേരള വിഷൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എന്റെ കണ്മണിയ്ക്ക് ആദ്യ സമ്മാനം എന്ന പദ്ധതിയിലേയ്ക്ക് സാരഥി കുവൈറ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സംഭാവന സമർപ്പണം പരിപാടിയുടെ ഭാഗമായി നടത്തി. 

സാരഥി സെന്റർ ഫോർ എക്സലൻസ് ചെയർമാൻ അഡ്വ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാരഥി കുവൈറ്റ് വനിതാവേദി ചെയർപേഴ്സൺ
 പ്രീതി പ്രശാന്ത്, ഗുരുദർശനവേദി ചീഫ് കോർഡിനേറ്റർ സൈഗാൾ സുശീലൻ, സാരഥി ഉപദേശക സമിതി അംഗം സി എസ് ബാബു കൂടാതെ സാരഥി മുൻ വൈസ് പ്രസിഡന്റ് വിനോദ് വാരണപ്പള്ളിൽ,എസ് എൻ ഡി പി യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം ബിബിൻഷാൻ, ഗുരുപദം ടിവി ഡയറക്ടർ അനീഷ് ഒതറ എന്നിവരും സാരഥിയുടെ അംഗങ്ങളും സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി. സാരഥി എസ് സി എഫ് ഇ ഡയറക്ടർ കേണൽ എസ് വിജയൻ സമ്മേളനത്തിൽ നടത്തിയ സംവാദം നയിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി അധ്യാപക പ്രതിനിധികൾ ചടങ്ങിൽ പങ്കു കൊണ്ടു.

ചേവണ്ണൂർ കളരി, വാരണപ്പള്ളി തറവാട്, ആറാട്ട് പുഴ വേലായുധപ്പണിക്കർ സ്മാരകം, ശിവഗിരി, അയ്യൻ കേശവൻ ഭവനം, തിരുകേശ ദർശനം, പല്ലന കുമാരകോടി എന്നീ സ്ഥലങ്ങൾ ആയിരുന്നു പഠനയാത്രയുടെ ഭാഗമായത്. പഠനയാത്രയുടെ ഭാഗമായി ശിവഗിരിയിൽ വെച്ച് നടത്തിയ സത്സംഗത്തിൽ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ശ്രീമത് ഋതംഭരാനന്ദ സ്വാമികൾ, ശ്രീമത് അസംഗാനന്ദ ഗിരി സ്വാമികൾ എന്നിവർ പഠനയാത്രയുടെ ഭാഗമായി എത്തിച്ചേർന്നവരുമായി സംവദിക്കുകയുണ്ടായി. 

അൻപതോളം അംഗങ്ങൾ ഭാഗമായ രണ്ട് ദിവസ പഠനയാത്രയ്ക്ക് സാരഥി ട്രസ്റ്റ് ഭാരവാഹികളും സാരഥി സിൽവർ ജൂബിലി ഭാരവാഹികളും ചീഫ് കോർഡിനേറ്റർ ആയ, സാരഥി ട്രസ്റ്റ് ബിഒടി അംഗം പുഷ്പദാസിനൊപ്പം അണിചേർന്നു.

Related News