തനിമ കുവൈത്ത്‌ - 18ആം ദേശീയ വടംവലി മത്സരവും പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ ദാനവും ഡിസംബർ 6നു സംഘടിപ്പിക്കുന്നു

  • 03/12/2024



തനിമ കുവൈത്തിന്റെ ബാനറിൽ സൻസീലിയ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 6നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ്‌ ലൈറ്റ്‌ സ്റ്റേഡിയത്തിൽ ഉച്ചക്ക്‌ 12:00മുതൽ വൈകീട്ട്‌ 8:00മണി വരെ സംഘടിപ്പിക്കുന്നതായ്‌ ഓണത്തനിമ കൺവീനർ അറിയിച്ചു. തനിമ മുൻ ഹാർഡ്‌കോർ അംഗം പരേതനായ രാജു സക്കറിയയുടെ സ്മരണാർത്ഥം രാജു സക്കറിയ നഗർ എന്നു നാമകരണം ‌ചെയ്തിട്ടൂള്ള മത്സരവേദി മുഖ്യാതിഥി മുൻ കായികതാരവും കുവൈത്ത്‌ സംരംഭകനുമായ സുരേഷ് കാർത്തിക്‌ കാണികൾക്കായ്‌ സമർപ്പിക്കും. പൊതുസമ്മേളനത്തിൽ സൗത്ത്‌ ആഫ്രിക്കൻ അംബാസഡർ ഡോ: മനേലിസി പി ഗെൻഗേ (H.E. Dr Manelisi P Genge) മുഖ്യാതിഥിയായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. 

ഓണത്തനിമ കൺവീനർ ദിലീപ്‌ ഡി.കെ., പ്രൊഗ്രാം കൺവീനർ ബാബുജി ബത്തേരി, തനിമ ഓഫീസ്‌ സെക്രെട്ടറി ജിനു കെ അബ്രഹാം , തനിമ ജെനറൽ കൺവീനർ ജോജിമോൻ തോമസ്‌ , തനിമ ട്രഷറർ റാണാ വർഗ്ഗീസ്‌, ഓണത്തനിമ ജോയിന്റ്‌ കൺവീനർ കുമാർ ത്രിത്താല, ഓണത്തനിമ ഫിനാൻസ്‌ കൺവീനർ ഷാജി വർഗ്ഗീസ്‌‌ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അന്നേ ദിവസം കുവൈത്തിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ്‌ ദി സ്കുൾ അവാർഡ്‌ ദാനവും നടക്കുന്നതാണു എന്നും സംഘാടകർ അറിയിക്കുന്നു. 

മാസങ്ങളോളം പരീശീലനത്തിൽ ഉള്ള 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത്തവണ ആദ്യമായ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണു. ടാഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോട് കൂടി നടക്കുന്ന മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങൾ ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിക്കും. 5-6 അടിയിൽ അധികം ഉയരമുള്ള എവര്റോളിങ്ങ്‌ ട്രോഫികൾ തനിമ വടംവലിയുടെ മാത്രം പ്രത്യേകതയാണു. 

എല്ലാ കായികപ്രേമികളെയും തികച്ചു സൗജന്യമായ വടംവലി മമാങ്കത്തിലേക്ക്‌ ക്ഷണിക്കുന്നു.

Related News