കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് "കലാമേള 2025" സംഘടിപ്പിച്ചു

  • 19/06/2025

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് "കലാമേള 2025" സംഘടിപ്പിച്ചു. ജൂൺ 12, 13 തീയതികളിലായി അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന കലാമേള, കല കുവൈറ്റ് വൈസ് പ്രസിഡന്റ്‌ പ്രവീൺ പി വി യുടെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. കലാവിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ് ആശംസയർപ്പിച്ച് സംസാരിച്ചു. കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ അവതരിപ്പിച്ച അനുശോചന പ്രമേയത്തോടെയാണ് ഉദ്‌ഘാടന ചടങ്ങ് ആരംഭിച്ചത്. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കലാമേളയുടെ ജനറൽ കൺവീനർ ബിജു ജോസ് നന്ദി രേഖപ്പെടുത്തി. ജൂൺ 12ന് വൈകുന്നേരം 6 മണിക്ക് തുടങ്ങിയ കലാമേള 13ന് വൈകുന്നേരം 9 മണിയോടെ അവസാനിച്ചു. ഏറ്റവും കൂടുതൽ പോയിന്റുമായി അബ്ബാസിയ മേഖല ഓവറോൾ കിരീടം സ്വന്തമാക്കി. അവസാന മത്സരം വരെ ഒപ്പത്തിനൊപ്പം മുന്നേറിയ അബുഹലീഫ മേഖലയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അബ്ബാസിയ മേഖല ഓവറോൾ കിരീടം സ്വന്തമാക്കിയത്. വ്യക്തിഗത വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സാൽമിയ മേഖലയിലെ ജലീൽ നിനർഖാൻ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി.


കല കുവൈറ്റിന്റെ നാല് മേഖലകളിൽ നിന്നായി ഒട്ടനവധി അംഗങ്ങൾ 7 ഇനങ്ങളിയായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. മത്സരങ്ങൾ വീക്ഷിക്കാനും മത്സരാർഥികളെ പ്രത്സാഹിപ്പിക്കുന്നതിനുമായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കലാ പ്രേമികളാണ് അബ്ബാസിയ കല സെന്ററിൽ എത്തിച്ചേർന്നത്. വിജയികളായവർക്കുള്ള സമ്മാനദാനവും വിധികർത്താക്കൾക്കുള്ള സ്നേഹോപഹാരം കൈമാറലും കല കുവൈറ്റ് ഭാരവാഹികളും കലാമേള സംഘാടക സമിതി ഭാരവാഹികളും ചേർന്ന് നിർവഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് വിജയികളെ അനുമോദിക്കുകയും കലാമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിവാദ്യങ്ങളർപ്പിക്കുകയും ചെയ്തു.

Related News