മെൻസ് വോയ്സ് & കോറൽ സൊസൈറ്റി, കുവൈറ്റിന്റെ ത്രിദിന ജൂബിലി ആഘോഷം കോട്ടയത്തും, തിരുവല്ലയിലും, ചെങ്ങന്നൂരും

  • 08/07/2025



കോട്ടയം : 2001 ൽ ക്വയർമാസ്റ്റർ ശ്രീ. സണ്ണി മാലിയിലിന്റെ നേതൃത്വത്തിൽ ശ്രീ. സാജൻ കല്ലുപാലത്തിന്റെയും Dr. സൈമൺ ഈശോയുടെയും സാന്നിധ്യത്തിൽ ഒരുപറ്റം സംഗീത പ്രേമികൾ ഒത്തു ചേർന്ന് രൂപീകരിച്ച മെൻസ് വോയ്സ് & കോറൽ സൊസൈറ്റി, രജതജൂബിലിയുടെ നിറവിലാണ്. നാളിതുവരെ 250 ലധികം ഗായകർക്ക് പാടുവാനും ഹാർമണി സംഗീതം അഭ്യസിക്കുവാനുമുള്ള കളരി കൂടിയിയിരുന്നു MVCSK. മരുഭൂമിയിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തിനിടയിൽ MVCSK പലർക്കും ഒരു ആശ്വാസത്തിന്റെ തുരുത്തു കൂടിയിയിരുന്നു.

കഴിഞ്ഞ 24 വർഷങ്ങളിലായി കുവൈറ്റിലെ ഹാർമണി സംഗീത പ്രേമികളുടെ മനസ്സു കവർന്ന MVCSK 2009 ലും 2010 ലും യഥാക്രമം പശ്ചിമേഷ്യയിലെതന്നെ ആദ്യത്തേതും ഏറ്റവും ഉയരം കൂടിയതുമായ മനുഷ്യ ക്രിസ്തുമസ് ട്രീകൾ ഒരുക്കി ചരിത്രത്തിന്റെ താളുകളിൽ ഇടംനേടി. കൂടാതെ 2015 ൽ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ജെറി അമൽദേവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ക്രിസ്തുമസ് ഗാനസന്ധ്യയും ശ്രദ്ധ നേടിയിരുന്നു.

ഇന്ന് വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മെൻസ് വോയ്സ് കുടുംബാംഗങ്ങൾ 2025 ജൂലൈ 11,12,13 തീയ്യയികളിൽ കോട്ടയത്തും തിരുവല്ലയിലും ചെങ്ങന്നൂരിലുമായി ഒത്തു കൂടി വീണ്ടും ചരിത്രത്തിന്റെ പുതിയ അദ്ധ്യായം കുറിക്കുന്നു.

ജൂലൈ 11, വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ ചരിത്രം ഉറങ്ങുന്ന കോട്ടയം C.M.S. കോളേജ് ചാപ്പലിൽവച്ച്, ചർച്ച് മ്യൂസിക്കിനും ഹാർമ്മണി സംഗീതത്തിനുമായി ജീവിതം സമർപ്പിച്ച് ഇപ്പോൾ വിശ്രമജീവീതം നയിക്കുന്ന 50 സീനിയർ സിറ്റിസൺ കോറിസ്റ്റേഴ്സിനെ ആദരിക്കുന്ന ഒരു പ്രത്യേക പരിപാടി ഇദംപ്രഥമമായി നടത്തുന്നു. *"Voice of Wisdom"* എന്നു നാമകരണം ചെയ്തിട്ടുള്ള ഈ പരിപാടിയിൽ പ്രവേശനം പ്രത്യേക ക്ഷണിതാക്കൾക്കു മാത്രമായിരിക്കും.

ജൂലൈ 12, ശനിയാഴ്ച വൈകിട്ട് 5.30 ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമാ മെമ്മോറിയൽ ആഡിറ്റോറിയത്തിൽ വച്ച് വിപുലമായൊരു സംഗീത ശില്പം ഒരുക്കുന്നു. പ്രശസ്ത സിനിമാ സംഗീത സംവിധായകനായ ശ്രീ. ജറി അമൽദേവ് മുഖ്യാതിഥിയായിരിക്കുന്ന ഈ ഗാനസന്ധ്യയിൽ, 
മെൻസ് വോയ്സ് & കോറൽ സൊസൈറ്റി, കുവൈറ്റിന്റെ 90 അംഗ ഗായക സംഘത്തിനു പുറമെ കേരളത്തിലെ പ്രമുഖ ഗായക സംഘങ്ങളായ തിരുവല്ല യൂത്ത് കോറസ്, തിരുവല്ല മെയിൽ വോയ്സസ് & കോറൽ സൊസൈറ്റി, ചെങ്ങന്നൂർ ഹെറാൾഡ്സ്, കുമ്പനാട് പ്രൊവിഡൻസ് മിഷൻ വോയ്സ് എന്നീ നാലു ഗായകസംഘങ്ങൾ കൂടി ഗാനങ്ങൾ ആലപിക്കുന്നു. കൂടാതെ 250 ൽ അധികം ഗായകർ ഒന്നിച്ചണിനിരക്കുന്ന മാസ്സ് ക്വയറിന്റെ ഗാനങ്ങൾ ശ്രീ. ജറി അമൽദേവും ക്വയർ മാസ്റ്റർ ശ്രീ. അജിത് ബാബുവും നയിക്കുന്നു. പാശ്ചാത്യ പൗരസ്ത്യ ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ട് ഒരുക്കുന്ന *"Sing Hallelujah"* എന്ന ഈ സംഗീത വിരുന്നിന് പ്രവേശനം സൗജന്യമാണ്.

ജൂലൈ 13, ഞായറാഴ്ച രാവിലെ 11 മണിക്ക് ചെങ്ങന്നൂർ തരംഗം മിഷൻ സെന്ററിൽ വച്ച് മെൻസ് വോയ്സ് & കോറൽ സൊസൈറ്റി കുവൈറ്റിന്റെയും കേരള ചാപ്റ്ററിന്റെയും സംയുക്ത കുടുംബസംഗമവും നടത്തപ്പെടുന്നു. കൂടാതെ വിടെ നടക്കുന്ന ഗ്ലോബൽ മീറ്റിൽ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, അയർലന്റ്, UK, UAE, കുവൈറ്റ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നു. 

ഒരുവർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പരിപാടികൾക്ക് നേതൃത്വം നല്കുന്നത്, ജനറൽ കൺവീനർ ശ്രീ. ഇട്ടി മാമ്മനും കുവൈറ്റ് കോർഡിനേറ്റർ ശ്രീ. തോമസ് തോമസും നയിക്കുന്ന 25 അംഗ കമ്മിറ്റിയാണ്.

Related News