തിരുവല്ലയിലെ സംഗീത പ്രേമികൾക്ക്, വിസ്മയക്കാഴ്ചയൊരുക്കി, മെൻസ് വോയ്സ് & കോറൽ സൊസൈറ്റി, കുവൈറ്റിന്റെ സംഗീത ശില്പം "സിംഗ് ഹാല്ലെലൂയ്യ"

  • 17/07/2025



തിരുവല്ല: മെൻസ് വോയ്സ് & കോറൽ സൊസൈറ്റി കുവൈറ്റിന്റെ ത്രിദിന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ *"സിംഗ് ഹാല്ലെലൂയ്യ"* എന്ന സംഗീത ശില്പം തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമാ സ്മാരക ആഡിറ്റോറിയത്തിൽ വച്ചു നടത്തി.

CSI മദ്ധ്യ കേരള മഹാഇടവക മുൻ അദ്ധ്യക്ഷൻ റെറ്റ്. റവ. തോമസ് സാമുവൽ തിരുമേനിയുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച ഈ സംഗീത വിരുന്നിൽ പ്രസിഡന്റ് ശ്രീ. നൈനാൻ ജോസഫ് സ്വാഗതം ആശംസിച്ചു. സ്ഥാപക ക്വയർ മാസ്റ്റർ ശ്രീ. സണ്ണി മാലിയിൽ ആശംസകൾ അർപ്പിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ജെറി അമൽദേവ് മുഖ്യ സന്ദേശം നല്കി. ജനറൽ കൺവീനർ ശ്രീ. ഇട്ടി മാമ്മൻ കൃതജ്ഞത അർപ്പിച്ചു. 

മെൻസ് വോയ്സ് & കോറൽ സൊസൈറ്റിയുടെ 92 അംഗ ഗായകസംഘത്തോടൊപ്പം കേരളത്തിലെ പ്രമുഖ ഗായകസംഘങ്ങളായ തിരുവല്ല യൂത്ത് കോറസ്, ദ തിരുവല്ല മെയിൽ വോയ്സസ് & കോറൽ സൊസൈറ്റി, ചെങ്ങന്നൂർ ഹെറാൾഡ്സ്, കുമ്പനാട് പ്രൊവിഡന്റ്സ് മിഷൻ വോയ്സ് എന്നീ 4 ഗായക സംഘങ്ങളും വേദി പങ്കിട്ടു. 282 അംഗ മാസ്സ് ക്വയറിനെ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ജെറി അമൽദേവും മുഖ്യ ക്വയർ മാസ്റ്റർ ശ്രീ. അജിത് ബാബുവും നയിച്ചു. ലോകപ്രശസ്തനായ ജോർജ് ഫ്രഡറിക് ഹാന്റലിന്റെ ഹാല്ലെലൂയ്യ കോറസ്സിനൊപ്പം അസിസ്റ്റന്റ് ക്വയർ മാസ്റ്റർ ശ്രീ. റിജോ ഏബ്രഹാം മാത്യു തന്റെ മാന്ത്രിക വിരലുകളാൽ പിയാനോയിൽ വിസ്മയം തീർത്തു.

ഹാർമണി സംഗീതലോകത്തെ സംഭാവനകളെ മുൻനിർത്തി *ബീക്കൺ ഓഫ് മ്യൂസിക് അവാർഡ്* *_ശീ. ജെറി അമൽദേവിനും_* *എക്സലന്റ്സ് ഇൻ സേക്രഡ് മ്യൂസിക് ഹാർമണി & ഓർക്കസ്ട്രേഷൻ അവാർഡ്* *_ശ്രീ. തോമസ് ജേക്കബ് കൈതയിലിനും_* സമ്മാനിച്ചു. 
കൂടാതെ സ്ഥാപക ക്വയർ മാസ്റ്റർ ശ്രീ. സണ്ണി മാലിയിൽ, പ്രഥമ പ്രസിഡന്റ് ശ്രീ. സാജൻ കല്ലുപാലം, മുൻ ക്വയർമാസ്റ്റർമാരായ ശ്രീ. സാം C. ഏബ്രഹാം, ശ്രീ. ലൂക്കോസ് M. പോൾ, ശ്രീ. മിഥുൻ ഉമ്മൻ എന്നിവരേയും പ്രഥാന സ്പോൺസർമാരായ ഫേവറിറ്റ് ഹോംസിനേയും ട്രാംസ് ലമ്പർ കമ്പനിയേയും മെമന്റൊ നല്കി ആദരിച്ചു.

പാശ്ചാത്യ പൗരസ്ത്യ ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഈ സംഗീതശില്പം കോമ്പിയർ ചെയ്തത് ശ്രീ. ബോബി ജോർജ് കുര്യനും ശ്രീമതി. ജൂലിയാൻ മെറിയാ ജോർജുമാണ്. ത്രിദിന രജതജൂബിലി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജനറൽ കൺവീനർ ശ്രീ. ഇട്ടി മാമ്മനും കുവൈറ്റ് ഓർഗനൈസർ ശ്രീ. തോമസ് തോമസും നയിക്കുന്ന 25 അംഗ ജോയിന്റ് കമ്മറ്റിയാണ്.

Related News