ഖുർആനിക വചനങ്ങളെ ആശയ ഗ്രാഹ്യതയോടെ ഉൾക്കൊള്ളുക , അബ്ദുൽ ജബ്ബാർ മദീനി

  • 24/08/2025




ദൈവീക വചനങ്ങളായ വിശുദ്ധ ഖുർആനിനെ കേവലം പാരായണ തലത്തിൽ മാത്രം അവസാനിപ്പിക്കാതെ അതിന്റെ ആശയങ്ങളിലെക്ക് ഇറങ്ങി ചെന്ന് പഠിക്കുകയും ചിന്തിക്കുകയും ചെയ്താൽ ഒരോ വചനങ്ങളിലും അത്ഭുദങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന് പ്രമുഖ പണ്ഡിതനും, ഖുർആൻ അധ്യാപകനുമായ അബ്ദുൽ ജബ്ബാർ മദീനി പറഞ്ഞു. 

കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ റിഗ്ഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഖുർആൻ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അബ്ദുൽ ജബ്ബാർ മദീനി. 

വൈകുന്നേരം കൃത്യം 5.30 ന് ആരംഭിച്ച ആദ്യസെഷനിൽ “ഖുർആൻ പഠനത്തിന്റെ പ്രാധാന്യം” എന്ന വിഷയത്തിലും മഗ്‌രിബിന് ശേഷമുള്ള സെഷനിൽ “ദിവ്യ പ്രകാശത്തിലൂടെ ഒരു ആത്മീയ യാത്ര” എന്ന വിഷയത്തിൽ സമീർ അലിയോടൊപ്പമുള്ള ചർച്ചയിലും , ഇശാ നമസ്ക്കാര ശേഷം നടന്ന സമാപന പരിപാടിയിൽ “ഖുർആൻ പഠനവും സ്വാധീനവും,മുൻഗാമികളുടെ മാതൃക”എന്ന വിഷയത്തിലും മൗലവി അബ്ദുൽ ജബ്ബാർ മദീനി പ്രഭാഷണം നടത്തി. 

ഓൺ ലൈൻ ഖുർആൻ പരീക്ഷയിൽ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ആഷിക്ക് സാൽമിയ, കെ.സി.അബ്ദുൽ ലത്തീഫ്, ഫലാഹ് ഖൈത്താൻ എന്നിവർക്ക് ചടങ്ങിൽ വെച്ച് അബ്ദുൽ ജബ്ബാർ മദീനി സമ്മാനങ്ങൾ വിതരണം ചെയ്തു. 

കെ.കെ. ഐ.സി. ജനറൽ സെക്രെട്ടറി സുനാഷ് ശുക്കൂറിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ കെ.കെ. ഐ.സി. ആക്റ്റിങ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് ഉത്ഘാടനം നിർവഹിച്ചു. കെ.കെ. ഐ.സി. ഖുർആൻ ലേണിങ് സെക്രെട്ടറി ശബീർ സലഫി സ്വാഗതവും, നൗഫൽ കോടാലി നന്ദിയും പറഞ്ഞു. അബ്ദുസ്സലാം സ്വലാഹി പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

Related News