വിശ്വാസം മനുഷ്യരെ ധാർമിക മൂല്യബോധമുള്ളവരാക്കുന്നു – ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൻ

  • 07/09/2025


കുവൈറ്റ്: ഏകദൈവ വിശ്വാസവും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ബോധവും മനുഷ്യരുടെ ഉള്ളിൽ ധാർമിക മൂല്യബോധം വളർത്തുകയും, അവരെ തിന്മകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകറ്റുകയും ചെയ്യുമെന്ന് കുവൈറ്റ് മതകാര്യ മന്ത്രാലയത്തിലെ ഫോറിൻ അഫേഴ്സ് ഡയറക്ടർ ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൻ അഭിപ്രായപ്പെട്ടു.

കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്റർ സംഘടിപ്പിച്ച അവധിക്കാല ദഅവാ കാമ്പെയ്ൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനും തെറ്റായ പ്രവണതകൾക്ക് തടയിടുന്നതിനുമായി, വിശ്വാസത്തെ ആസ്പദമാക്കിയുള്ള ബോധവത്കരണ പരിപാടികൾ, വിദ്യാഭ്യാസ സംരംഭങ്ങൾ, കുടുംബങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മൂല്യാധിഷ്ഠിത പരിശീലനങ്ങൾ എന്നിവ അനിവാര്യമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനവ സമൂഹം നേരിടുന്ന പല വെല്ലുവിളികൾക്കും അടിസ്ഥാനം വിശ്വാസത്തിൻറെ കുറവും മൂല്യാധിഷ്ഠിത വളർച്ചയുടെ അഭാവവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതലമുറയ്ക്ക് വിശ്വാസബോധവും ഉത്തരവാദിത്വവും വളർത്തി കൊടുക്കുന്ന പരിപാടികൾ തുടർച്ചയായി സംഘടിപ്പിക്കുന്നത് സമൂഹത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനുള്ള പ്രധാന വഴിയാണെന്നും ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൻ വ്യക്തമാക്കി.

റിഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.കെ.ഐ.സി.മദ്രസ്സാ അധ്യാപക ട്രൈനിങ്ങിനായി കുവൈത്തിൽ എത്തിയ ഡോക്ടർ ഷിയാസ് സ്വാലാഹി നമ്മുടെ മക്കൾ, നമ്മുടെ ദൗത്യം എന്ന വിഷയത്തിലും, ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ പ്രമുഖ വാഗ്മിയും വിസ്‌ഡം ഇസ്‌ലാമിക്ക് യൂത്ത് കൊല്ലം ജില്ലാ പ്രസിഡന്റ് അനസ് സ്വലാഹി ക്യാമ്പയിൻ പ്രമേയമായ തൗഹീദ്, രിസാലത്ത്, ആഖിറത്ത്, എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണവും നടത്തി. 

നവംബറിൽ സംഘടിപ്പിക്കുന്ന ഇസ്കോൺ വിദ്യാർത്ഥി സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശന കർമ്മം കുവൈത്ത് മതകാര്യ മന്ത്രാലയം പ്രതിനിധി മുഹമ്മദ് അലി യും ,നാല്പത്തി ആറാമത് ഖുർആൻ വിജ്ഞാന പരീക്ഷയുടെ പോസ്റ്റർ പ്രകാശന കർമ്മം മുഖ്യ അഥിതി ഷെയ്ഖ് സത്താം ഖാലിദ് അൽ മുസയ്യിനും നിർവഹിച്ചു. 

കെ.കെ.ഐ.സി. ആക്റ്റിങ് പ്രഡിഡന്റ് സി.പി അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെന്റർ പ്രബോധന വിഭാഗം അസിസ്റ്റന്റ് സെക്രെട്ടറി അബ്ദുറഹിമാൻ തങ്ങൾ സ്വാഗതവും,സെന്റർ ഐ. ടി സെക്രെട്ടറി സമീർ അലി നന്ദിയും പറഞ്ഞു. 

ഷബീർ സലഫി, ഷഫീഖ് മോങ്ങം എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

Related News