കല കുവൈറ്റിന്റെ നേതൃത്വത്തിൽ സഖാവ് കോടിയേരി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

  • 05/10/2025

കുവൈറ്റ് സിറ്റി: മുൻ ആഭ്യന്തര മന്ത്രിയും സി പി എമ്മിന്റെ സമുന്നത നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ഒക്ടോബർ 1 ബുധനാഴ്ച അബുഹലീഫ കല സെന്ററിൽ നടന്ന സമ്മേളനത്തിൽ അബുഹലീഫ മേഖല സെക്രട്ടറി കെ ജി സന്തോഷ്‌ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കല കുവൈറ്റ് നേതാക്കളായ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി, ലോകകേരള സഭ അംഗം ആർ നാഗനാഥൻ, സി കെ നൗഷാദ് എന്നിവർ അനുസ്മരണ സമ്മേളനത്തിൽ സഖാവ് കോടിയേരിയെ സ്മരിച്ചു കൊണ്ട് സംസാരിച്ചു.


പാർടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച, ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പരിഹരിക്കാവുന്നതല്ല. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം പാർടിക്കും യുവജന പ്രസ്ഥാനത്തിനും വർഗ-ബഹുജന സംഘടനകൾക്കും ഊർജസ്വലമായ നേതൃത്വം നൽകി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹം അനുപമമായ മാതൃക കാട്ടി. ഏതു പ്രതിസന്ധി ഘട്ടവും മുറിച്ചുകടന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കോടിയേരി സ്നേഹനിർഭരമായ പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവർന്നു. കർഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളിൽ അതീവ ശ്രദ്ധയോടെ ഇടപെട്ട് പരിഹാരം കാണുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. വർഗ-ബഹുജന സംഘടനകളുടെ പ്രവർത്തനത്തിന് കൃത്യമായ ദിശാബോധം പകരുന്നതിലും പ്രക്ഷോഭ സമരപാതകളിൽ അവരെ അണിനിരത്തുന്നതിലും ഉള്ള അദ്ദേഹത്തിന്റെ കഴിവ് മാതൃകാപരമായിരുന്നു. കഴിഞ്ഞ ഒമ്പത് വർഷക്കാലമായി ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് നടത്തിവരുന്ന വികസന പദ്ധതികളിലൂടെ കേരളം രാജ്യത്തിനാകെ ഒരു ബദലായി മാറിയ ഇക്കാലത്ത് അതിനെയെല്ലാം കണ്ണടച്ച് എതിർക്കുന്ന പ്രതിപക്ഷത്തെയും, സമ്പത്തീകമായി അപ്രഖ്യാപിത ഉപരോധം ഏർപ്പെടുത്തികൊണ്ട് വികസനപദ്ധതികൾക്ക് തുരങ്കം വെക്കുന്ന കേന്ദ്ര സർക്കാരിനെയും എതിർത്ത് തോല്പിക്കാൻ സഖാവ് കോടിയേരിയുടെ ജ്വലിക്കുന്ന സ്മരണകൾ ഊർജ്ജം പകരുമെന്ന് അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് സംസാരിച്ചവർ വ്യക്തമാക്കി.

കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സ്വാഗതം ആശംസിച്ച പരിപാടിക്ക് ട്രഷറർ പി ബി സുരേഷ് നന്ദി രേഖപ്പെടുത്തി. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ കല സെന്ററിലേക്ക് എത്തിച്ചേർന്നു.

Related News