സാൽമിയ ഇസ്‌ലാഹീ മദ്രസയിൽ ഫലസ്തീൻ ഐക്യദാർഢ്യ ദിനം സംഘടിപ്പിച്ചു

  • 06/10/2025



കുവൈത്ത്‌: ഗാസയിലെ നിരപരാധികളായ പിഞ്ചുകുട്ടികളും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഫലസ്തീൻ ജനതയും നേരിടുന്ന ക്രൂരതകളെ ഓർമ്മപ്പെടുത്തിക്കൊണ്ടും, അവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും സാൽമിയ ഇസ്‌ലാഹീ മദ്രസയിൽ ഫലസ്തീൻ ഐക്യദാർഢ്യ ദിനം സംഘടിപ്പിച്ചു.

കുട്ടികൾ അവർ തയ്യാറാക്കിയ പ്ലക്കാർഡുകളും ഫലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ കഫിയയും അണിഞ്ഞ് ഐക്യദാർഢ്യത്തിന്റെ സന്ദേശം പ്രകടമാക്കി. ഫലസ്തീനെക്കുറിച്ചുള്ള പ്രസന്റേഷൻ , പ്രസംഗങ്ങൾ, പ്രാർത്ഥനകൾ, ഗാനങ്ങൾ, പ്രതിജ്ഞ എന്നിവയിലൂടെ കുട്ടികൾ ഫലസ്തീന്റെ ദുഃഖകരമായ സാഹചര്യവും ഫലസ്തീൻ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളും ആഴത്തിൽ വിശകലനം ചെയ്തു. അവതരണങ്ങൾ ഫലസ്തീന്റെ നൊമ്പരങ്ങൾ മനസ്സുകളിലേക്ക് ആഴത്തിൽ പതിപ്പിക്കുന്നവയായിരുന്നു. 

“ഫലസ്തീൻ ഒറ്റക്കല്ല — ഞങ്ങൾ അവരോടൊപ്പം നിൽക്കുന്നു, അവരെ എന്നും നമ്മുടെ പ്രാർത്ഥനകളിൽ ഓർക്കും” എന്ന പ്രതിജ്ഞയോടെ വിദ്യാർത്ഥികൾ ഐക്ദാർഢ്യ ദിനത്തെ അവിസ്മരണീയമാക്കി.

ഫലസ്തീൻ ജനത നേരിടുന്ന നീതിനിഷേധവും അവരുടെ അടിപതറാതെയുള്ള ചെറുത്ത്നിൽപ്പും ഓർമ്മിപ്പിച്ച ഈ പരിപാടി ഹൃദയസ്പർശിയായി. രക്ഷിതാക്കളും ഇസ്‌ലാഹീ സെന്റർ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് പി. എൻ. അബ്ദുല്ലത്തീഫ് മദനി മുഖ്യാതിഥിയായി പ്രസംഗിച്ചു. കുട്ടികളുടെ മനസ്സ് പിടിച്ചുലക്കുന്ന അവതരണങ്ങളെ അദ്ദേഹം ഏറെ പ്രശംസിച്ചു. 

മദ്രസാ അധ്യാപകരുടെയും പി.ടി.എ. കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ഐക്യദാർഢ്യ ദിനം സംഘടിപ്പിക്കപ്പെട്ടത്. ഫലസ്തീൻ ജനതയോടുള്ള അനുകമ്പയും പിന്തുണയും പ്രകടമാക്കിയ ഈ അസംബ്ലി ഏറെ ശ്രദ്ധേയമായി.

Related News