മുഖ്യമന്ത്രിയുടെ ഇടപെടൽ'' വിമാന സർവ്വീസുകൾ നിർത്തലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ് നടപടി പുനഃപരിശോധിക്കുമെന്ന് അധികൃതരുടെ ഉറപ്പ്; സ്വാഗതം ചെയ്ത് കല കുവൈറ്റ്

  • 07/10/2025

കുവൈറ്റ് സിറ്റി: ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ വരുത്തിയ കുറവിൽ ആശങ്കയിലായിരുന്ന പ്രവാസി സമൂഹത്തിന് ആശ്വാസമായി മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻറെ ഇടപെടൽ. ഇതിനെ സ്വാഗതം ചെയ്യുന്നതായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്. ആവശ്യകത ഏറ്റവും കൂടുതലുള്ള സമയത്ത് സേവനങ്ങള്‍ വെട്ടിക്കുറക്കുന്ന നീതീകരിക്കാനാവാത്ത എയർ ഇന്ത്യ അധികൃതരുടെ നടപടിയിൽ നേരത്തെ തന്നെ കല കുവൈറ്റ് പ്രതിഷേധം രേഖപ്പെടുത്തുകയും വിഷയം മുഖ്യമന്ത്രിയുടെയും എം പി മാരുടെയും ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു.


സർവീസുകളിൽ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടുവരുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ മുഖ്യമന്ത്രി സ. പിണറായി വിജയന് ഉറപ്പു നല്‍കി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് ചെയര്‍മാന്‍ നിപുന്‍ അഗര്‍വള്‍, എം ഡി അലോക് സിങ്ങ്, വൈസ് പ്രസിഡന്‍റ് അഭിഷേക് ഗാര്‍ഗ്, അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് പി ജി പ്രഗീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഗള്‍ഫ് മേഖലയില്‍ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ, വിമാന സർവ്വീസുകളിലെ തടസ്സമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്. കണ്ണുര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും കേരളത്തില്‍ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്ന നിലയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് പൗരന്മാരെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഏകപക്ഷീയമായി എടുക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനാ സംവിധാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പ്രവാസികളുടെ യാത്രകളെ ഏറെ ക്ലേശകരമാക്കുമായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് നടപടിയിൽ മുഖ്യ മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ സമയോചിത ഇടപെടൽ ആശ്വാസകരമാണെന്നും, നടപടിയെ സ്വാഗതം ചെയ്യുന്നതായും കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Related News