ഞാന്‍ ഇപ്പോള്‍ ലൈവിലാണെന്ന് ഡോക്ടർ, ഞാൻ ഇപ്പോൾ ലൈവായി വന്ന് ശരിയാക്കുന്നുണ്ടെന്ന് ഭാര്യ; വൈറലായി വീഡിയോ

  • 28/01/2021



കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ രാജ്യം വാക്‌സിനേഷന്‍ എന്ന വലിയ ദൗത്യത്തിനൊരുങ്ങുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം തന്നെ കോവിഡ് 19 വാക്‌സിന്‍ നല്‍കിത്തുടങ്ങി. ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിച്ച ഒരാളാണ് പ്രശസ്ത ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡോ. കെ കെ അഗര്‍വാള്‍. എന്നാല്‍, വാക്‌സിന്‍ സ്വീകരിച്ച്‌ അദ്ദേഹം നടത്തിയ ഒരു ലൈവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

വെബിനാറില്‍ വാക്‌സിനെക്കുറിച്ച്‌ തത്സമയം സംസാരിച്ചുകൊണ്ടിരുന്ന സമയത്താണ് ഡോക്ടര്‍ക്ക് ഭാര്യയുടെ കോള്‍ വരുന്നത്. എന്നാല്‍ ലൈവ് പ്രോഗ്രാം കട്ട് ചെയ്യാതെ തന്നെ ഡോക്ടര്‍ ഭാര്യയുടെ കോള്‍ എടുത്തു.

എന്നാല്‍, കോളില്‍ ഭാര്യ പറയുന്നതെല്ലാം പുറംലോകവും കേള്‍ക്കുന്നുണ്ടായിരുന്നു. ഭാര്യയെ വാക്‌സിനെടുക്കാന്‍ വിളിക്കാത്ത പരാതിയായിരുന്നു ഡോക്ടറെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ വാക്‌സിനേഷനായി ഭാര്യയെ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഡോക്ടര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷേ അവര്‍ അത് കേള്‍ക്കാന്‍ വിസമ്മതിച്ചു സംസാരം തുടര്‍ന്നു. ഇതോടെയാണ് ഡോക്ടര്‍- ഭാര്യ വിഡിയോ ട്വിറ്ററിലും ഹിറ്റായത്.
വാക്‌സിന്‍ എടുക്കാന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ കൂടെ കൊണ്ടുപോയില്ല? എന്നോട് കള്ളം പറയരുത്. ഭാര്യയുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡോക്ടര്‍ പറയുന്നുണ്ട്, 'ഞാന്‍ ഇപ്പോള്‍ ലൈവിലാണ്'. ഇതിനോട് ഭാര്യ പ്രതികരിച്ചത് ഇങ്ങനെയാണ്, 'ഞാനിപ്പോള്‍ ലൈവായി വന്ന് നിങ്ങളെ ശരിയാക്കുന്നുണ്ട്'.

നിരവധി പേര്‍ പങ്കെടുത്ത വെബിനാറിനിടെയാണ് ഡോക്ടര്‍ക്ക് ഭാര്യയുടെ ഫോണ്‍കോള്‍ വരുന്നത്. 'നിങ്ങള്‍ വാക്സിന്‍ എടുക്കാന്‍ പോയോ' എന്നായിരുന്നു ആദ്യത്തെ ചോദ്യം. 'വാക്സിന്‍ എങ്ങനെയുണ്ട്, നിങ്ങള്‍ക്കൊക്കെ എടുക്കാന്‍ പറ്റുമോ എന്നറിയാന്‍ പോയതാണെ'ന്ന് ഡോക്ടറുടെ മറുപടി. എങ്കില്‍ തന്നെ കൂട്ടാത്തതെന്താണ് എന്നായിരുന്നു ഭാര്യയുടെ അടുത്ത ചോദ്യം.

വിഡിയോ ഹിറ്റായതോടെ പ്രതികരണവുമായി ഡോക്ടറും രംഗത്തെത്തി. എന്നെക്കുറിച്ചുള്ള വിഡിയോയെക്കുറിച്ച്‌ അറിഞ്ഞു, ഈ വിഷമഘട്ടങ്ങളില്‍ ആളുകള്‍ക്ക് ഒരു നിമിഷം ചിരി നല്‍കിയതില്‍ ഞാന്‍ സന്തുഷ്ടനാണ്, എല്ലാ ചിരിയും മികച്ച മരുന്നാണ്. എന്റെ ചെലവില്‍ നിങ്ങള്‍ ഒരു ചിരി ആസ്വദിച്ചിരിക്കുകയാണ്.

എന്റെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള ഭാര്യയുടെ ശ്രദ്ധയല്ലാതെ അതില്‍ മറ്റൊന്നുമല്ല. നിങ്ങള്‍ക്ക് അവസരം ലഭിക്കുമ്ബോള്‍ വാക്‌സിന്‍ എടുക്കാന്‍ നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഈ വിഡിയോ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, ഇത് ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്റെ ദൗത്യമാണ് എന്നാണ് അഗര്‍വാള്‍ പറഞ്ഞത്.

പത്മശ്രീ നേടിയ വ്യക്തിയും ഏഷ്യ, ഓഷ്യാനിയ, എച്ച്‌സിഎഫ്‌ഐയിലെ കോണ്‍ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍സ് പ്രസിഡന്റുമാണ് ഡോ. കെ കെ അഗര്‍വാള്‍.

Related News