കുവൈത്ത് ഐ.സി.എഫ് രാജ്യാന്തര സെമിനാർ സംഘടിപ്പിച്ചു

  • 30/01/2021


കുവൈത്ത്: ഏത് കാലത്തും ഏത് ആശയത്തിൻ്റെ അടിസ്ഥാനത്തിലായാലും
രാജ്യത്തിൻ്റെ അവകാശികൾ ഭരണാധികാരികൾ മാത്രമായി മാറുന്ന ദുരവസ്ഥയാണ്
ഇന്ത്യയിൽ കാണുന്നതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ രാജീവ് ശങ്കരൻ
അഭിപ്രായപ്പെട്ടു.
എഴുതപ്പെട്ട സാഹിത്യ കൃതികൾ മാത്രമായ രാമായണത്തിലും മഹാഭാരതത്തിലുമുള്ള
ഭൂമിക്കും അധികാരത്തിനും വേണ്ടി നടന്ന തർക്കങ്ങളും യുദ്ധങ്ങളും
അവലംബമാക്കിയാണ് ഇന്ത്യയെ രാമൻ്റെയോ ഭരതൻ്റെയോ രാജ്യമാക്കാൻ
ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത്. രാജ്യത്ത് വിഭാഗീയതയും വിദ്വേഷവും വർഗീയ
കലാപങ്ങളും സൃഷ്ടിച്ച് ഭരണം പിടിച്ചെടുക്കുകയും സ്വയം അവകാശികളായി
പ്രഖ്യാപിക്കുകയുമാണ് ഫാഷിസ്റ്റ് ഭരണകൂടം ചെയ്യുന്നതെന്നും ഈ ദുരവസ്ഥയെ
നേരിടാൻ ത്രാണിയില്ലാത്ത ഭരണാധികാരികളായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നും
അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അവകാശികളാര്; എന്ന ശീർഷകത്തിൽ ICF കുവൈത്ത് നാഷനൽ കമ്മിറ്റി
സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്യുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം
എന്നിവ നിഷ്കാസനം ചെയ്തും പൗരത്വ നിയമങ്ങളെ അട്ടിമറിച്ചും രാജ്യത്തിൻ്റെ
അഖണ്ഡത തകർക്കാനുള്ള ശ്രമമാണ് ഫാസിസ്റ്റുകള്‍ നടത്തുന്നതെന്ന് പരിപാടിയിൽ
വിഷയമവതരിപ്പിച്ചു കൊണ്ട് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എൻ അലി
അബ്ദുല്ല അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഏകപക്ഷീയ
ചരിത്രങ്ങൾ മാത്രം അവലംബിക്കാതെ ഇന്ത്യയുടെ യഥാർത്ഥ ചരിത്രം
പരിശോധിച്ചാൽ സ്വതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരും സ്വാതന്ത്ര്യം
നേടിത്തരുന്നതിൽ മുന്നിൽ നിന്നവരും ആരായിരുന്നുവെന്ന് ബോധ്യപ്പെടുമെന്നും
അദ്ദേഹം വ്യക്തമാക്കി.
ICF പ്രസിഡൻ്റ് അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ ഐ
സി എഫ് ഫിനാൻസ് സെക്രട്ടറി അഹ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. ബഷീർ
അണ്ടിക്കോട് സ്വാഗതവും അബു മുഹമ്മദ് നന്ദിയും പറഞ്ഞു.

Related News