ദേശീയ പതാകയെ അപമാനിച്ചത് ഞെട്ടിച്ചു: മൻ കി ബാത്തിൽ മോദി

  • 31/01/2021


ന്യൂഡല്‍ഹി: മന്‍ കി ബാത്തില്‍ ചെങ്കോട്ടയിലെ സംഘര്‍ഷം പരാമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിപ്പിച്ച സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിലെ സംഭവങ്ങള്‍ ഏറെ വേദനിപ്പിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതുവര്‍ഷത്തിലെ ആദ്യ മന്‍ കി ബാത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ മറ്റ് രാജ്യങ്ങളെ സഹായിച്ചു. വാക്‌സിന്‍ നല്‍കി ഇതര രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യയ്‌ക്കായി. മുപ്പത് ലക്ഷം ആരോഗ്യപ്രവര്‍ത്തകരാണ് രാജ്യത്ത് വാക്‌സിനെടുത്തത്. പതിനഞ്ച് ദിവസത്തിനുളളിലാണ് ഇത്രയധികം പേര്‍ക്ക് വാ‌ക്‌സിന്‍ നല്‍കിയത്.

വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്‌തത നേടിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

മന്‍ കി ബാത്ത് നടത്തുമ്പോൾ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍ ഞാന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടെന്ന് തോന്നുന്നു. ഈ മാസം ക്രിക്കറ്റ് പിച്ചിനും വളരെ നല്ല വാര്‍ത്തയാണ്. നമ്മുടെ ക്രിക്കറ്റ് ടീം പ്രാരംഭ ബുദ്ധിമുട്ടുകള്‍ക്ക് ശേഷം മികച്ച തിരിച്ചുവരവ് നടത്തി. ഓസ്ട്രേലിയയില്‍ പരമ്ബര നേടി. നമ്മുടെ ടീമിന്റെ കഠിനാദ്ധ്വാനവും ടീം വര്‍ക്കും രാജ്യത്തിന് പ്രചോദനം നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


പത്മ അവാര്‍ഡുകളുടെ കാര്യത്തിലും ഇന്ത്യ അഭിമാനിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്ബര്യത്തെയും കുറിച്ച്‌ എഴുതാന്‍ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പുതിയ പദ്ധതി ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. എല്ലാ ഇന്ത്യക്കാരോടും പ്രത്യേകിച്ച്‌ ചെറുപ്പക്കാരോട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനിക്കളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചും അവരുടെ പ്രദേശങ്ങളില്‍ നിന്നുളള സ്വാതന്ത്ര്യസമരകാലത്തെ വീരഗാഥകളെക്കുറിച്ചും പുസ്തകങ്ങള്‍ എഴുതാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ രചനകള്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നായകന്മാര്‍ക്ക് ഒരു ആദരാഞ്ജലിയായി മാറുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നും ബംഗളൂരുവിലേക്ക് ആയിരത്തിലേറെ കിലോമീറ്റര്‍ ദൂരം വരുന്ന വിമാനയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാരേയും കാബിന്‍ ക്രൂവിനേയും മോദി അഭിനന്ദിച്ചു. കാര്‍ഷിക മേഖലയെ നവീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായുളള നടപടികള്‍ തുടരുമെന്നും വ്യക്തമാക്കി.

Related News