കേന്ദ്രബജറ്റ്: കോവിഡ് വാക്‌സിന് 35,000 കോടി രൂപ,ദേശീയപാത പദ്ധതിക്കായി കേരളത്തിന് 65000 കോടി രൂപ;നേട്ടങ്ങൾ എണ്ണി പറഞ്ഞ് നിർമല സീതാരാമൻ

  • 01/02/2021



ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്തെ വെല്ലുവിളികളും നേട്ടങ്ങളും വിവരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റവതരണം. കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥ നേരിട്ടത് മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ്. ഇതില്‍ നിന്ന് കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചുവെന്ന് മന്ത്രി പറഞ്ഞു.

രണ്ട് വാക്‌സിനുകള്‍ക്ക് കൂടി ഉടന്‍ അംഗീകാരം ലഭിക്കും. കോവിഡ് വാക്‌സീന്‍ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്‌സിനും മറ്റു രാജ്യങ്ങള്‍ക്ക് വേണ്ട വാക്‌സിനും ഉത്പാദിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്തെ ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കും. 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി.

ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം (180 കിലോമീറ്റര്‍ ദൂരം) 63246 കോടി, ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടി, നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടിയും കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപയും കേന്ദ്രവിഹിതം അനുവദിച്ചു.

1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ. പശ്ചിമ ബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപയും തമിഴ്‌നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖലയില്‍ 64,180 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണ പൂര്‍ണമായും പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്.

ബജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മിത ടാബുമായി പാര്‍ലമെന്റിലെത്തിയ ധനമന്ത്രി ഡിജിറ്റലായാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. അതേസമയം ബജറ്റ് ആരംഭിക്കവെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. കാര്‍ഷിക നിയമത്തിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

Related News