യൂത്ത് ഇന്ത്യ ഡസേർട്ട് കിറ്റ് 2021

  • 09/02/2021


കുവൈത്ത് സിറ്റി: ഷെയ്ക് അബ്ദുലാഹ് അൽ നൂരി ചാരിറ്റി സൊസൈറ്റിയുടെയും , ജംഇയ ഇൻസാൻ അൽ ഖൈരിയയുടെയും സഹായത്തോടെ യൂത്ത് ഇന്ത്യ കുവൈത്ത് ഡസേർട്ട് കിറ്റ് വിതരണം നടത്തി. സാൽമി മേഖലയിലെ ഉൾപ്രദേശങ്ങളിൽ ആടുകളെയും, ഒട്ടകങ്ങളേയും മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ട് മരുഭൂമികളിൽ ഒറ്റപ്പെട്ട് കഴിഞ്ഞ് കൊണ്ടിരിക്കുന്ന വിവിധ രാജ്യക്കാരായ സഹോദരങ്ങൾക്കാണ് ഡസേർട്ട് കിറ്റിലൂടെ കമ്പിളി പുതപ്പ്, വസ്ത്രങ്ങൾ, തണുപ്പിന് ഉപയോഗിക്കാനുള്ള ക്രീമുകളും ലോഷനുകളും ഒപ്പം ഭക്ഷണ കിറ്റുകളും എത്തിച്ച് നൽകിയത്.  ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നിന്ന് 18 വാഹനങ്ങളിലായി 60 ൽ പരം വളണ്ടിയർമാരുടെ സേവനത്തിൽ 120 കിറ്റുകളാണ് വിതരണം നടത്തിയത്.

 
കടുത്ത വെയിലിലും, മരം കോച്ചുന്ന തണുപ്പിലും മരുഭൂമിയിൽ ആടുകളോടും, ഒട്ടകങ്ങളോടും ഒപ്പം ജീവിതം കഴിച്ച് കൂട്ടുന്നവർക്കിടയിലേക്ക് അവരോട് കുശലാന്വേഷണം നടത്താനും, സംസാരിച്ച് നിൽക്കാനും, ആവശ്യ സാധനങ്ങൾ നൽകാനുമായി കുറച്ചാളുകൾ അവരിലേക്കെത്തിയത് അവരെ സംബന്ധിച്ച് ഹൃദ്യമായ അനുഭവമായിരുന്നെന്ന് ഡസേർട്ട് കിറ്റ് യാത്രയിൽ പങ്കടുത്തവർ പറഞ്ഞു.

 കെ ഐ ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി യൂത്ത് ഇന്ത്യ പ്രസിഡൻ്റ് ഉസാമ അബ്ദുൽ റസാഖിന് കിറ്റ് കൈമാറി ഡസേർട്ട് കിറ്റ്  യാത്രയുടെ ഉൽഘാടനം നിർവ്വഹിച്ചു. കെ ഐ ജി എജുക്കേഷൻ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വി, യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻ്റ് മെഹനാസ് മുസ്ഥഫ, കെ ഐ ജി ജനറൽ സെക്രടറി ഷാഫി പിടി, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഫഹീം മുഹമ്മദ് , ട്രഷറർ ഹശീബ് എന്നിവർ നേതൃത്വം നൽകി.

 

Related News